വീടുകൾ മറ്റ് ആവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കണം -എം.പിമാർ
text_fieldsമനാമ: റസിഡൻഷ്യൽ ഏരിയകളിൽ വീടുകൾ മറ്റ് ആവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. വസ്തു വാടക നിയമത്തിൽ ഭേദഗതി വരുത്തി ഔദ്യോഗിക അനുമതിയില്ലാതെ വീടുകൾ മറ്റ് ആവശ്യങ്ങൾക്ക് വാടകക്ക് നൽകുന്ന പ്രോപ്പർട്ടി ഉടമകൾക്ക് ഒരു വർഷത്തെ വാടകവരെ പിഴ ചുമത്തണമെന്നാണ് ആവശ്യം. എം.പി. മുഹമ്മദ് ജാസിം അൽ ഒലൈവിയും നാല് സഹപ്രവർത്തകരുമാണ് നിർദേശം മുന്നോട്ടുവെച്ചത്. പ്രാദേശിക മുനിസിപ്പാലിറ്റിയിൽനിന്നോ ബന്ധപ്പെട്ട അതോറിറ്റിയിൽനിന്നോ അനുമതിയില്ലാതെ വീടുകൾ മറ്റാവശ്യങ്ങൾക്ക് വാടകക്ക് നൽകരുത്. അനുമതികൾ എപ്പോൾ, എങ്ങനെ നൽകാം എന്നതിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ മുനിസിപ്പൽ കാര്യങ്ങളുടെ ഉത്തരവാദിത്തമുള്ള മന്ത്രി പുറപ്പെടുവിക്കണമെന്നും നിർദേശിച്ചു.
നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ചില ഭൂവുടമകൾ ഈ വീടുകൾ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണ്. ഇത് പാർപ്പിട പ്രദേശങ്ങളുടെ സ്വഭാവത്തെ ബാധിക്കുന്നു. മാത്രമല്ല താമസക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. കുടുംബങ്ങൾക്കായി ഉദ്ദേശിച്ചിരിക്കുന്ന ഭവനത്തിന്റെ ഉദ്ദേശ്യം സംരക്ഷിക്കുന്നതിനും കമ്യൂണിറ്റികളുടെ ചെലവിൽ ഭൂവുടമകൾ പണമിടപാട് നടത്തുന്നത് തടയുന്നതിനും നിർദിഷ്ട മാറ്റം ആവശ്യമാണെന്ന് എം.പിമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.