പ്രവാസികൾക്ക് കാര്യക്ഷമമായ നിയമസഹായം ഉറപ്പുവരുത്തണമെന്ന് പ്രവാസി ലീഗൽ സെൽ
text_fieldsമനാമ: വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് കാര്യക്ഷമമായ നിയമസഹായം ഉറപ്പുവരുത്തണമെന്ന് പ്രവാസി ലീഗൽ സെൽ. വിദേശരാജ്യത്ത് മൂന്ന് ഇന്ത്യക്കാർ വധശിക്ഷക്ക് വിധേയരായ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന് ഈ ആവശ്യമുന്നയിച്ചുകൊണ്ട് നിവേദനം സമർപ്പിച്ചത്.
അർഹരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും സൗജന്യ നിയമ സഹായം ഉറപ്പുവരുത്താൻ ലീഗൽ സർവിസ് അതോറിറ്റീസ് ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ ആനുകൂല്യം വിദേശത്തുള്ള ഇന്ത്യക്കാർക്കും ഉറപ്പുവരുത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. അടുത്തിടെ വധശിക്ഷക്ക് വിധേയമായതിനുശേഷം ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ഈ വിവരം ഡൽഹി ഹൈകോടതി മുഖേന ഇക്കാര്യം കുടുംബമറിയുന്നതുതന്നെ.
കാര്യക്ഷമമായ നിയമസഹായം കിട്ടുന്നില്ല എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ പൗരന്മാരെ സഹായിക്കാനായി കൊണ്ടുവന്ന ഇന്ത്യൻ കമ്യൂണിറ്റി ഡെവലപ്മെന്റ് ഫണ്ടും കാര്യക്ഷമമായി വിനിയോഗിക്കുന്നില്ല എന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തിൽ അടിയന്തരമായ നടപടി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.