ജ്വല്ലറി അറേബ്യ 2024ന് ജനത്തിരക്ക്; ബഹ്റൈൻ ജ്വല്ലറികളുടെ പങ്കാളിത്തത്തിൽ വർധന
text_fieldsമനാമ: ആഭരണവൈവിധ്യമൊരുക്കുന്ന ജ്വല്ലറി അറേബ്യ 2024 കാണാൻ വൻതിരക്ക്. ബഹ്റൈന്‍ എക്സിബിഷന് വേള്‍ഡില്‍ നടക്കുന്ന അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനം കാണാനെത്തുന്നത് ആയിരങ്ങൾ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയാണ് മേള ഉദ്ഘാടനംചെയ്തത്. ഈ വർഷം ബഹ്റൈൻ ജ്വല്ലറികളുടെ പങ്കാളിത്തത്തിൽ 30 ശതമാനം വർധനവുണ്ടായതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവും എക്സിബിഷന് വേള്‍ഡ് ചെയർപേഴ്സനുമായ സാറ അഹമ്മദ് ബുഹിജി പറഞ്ഞു. തനതായ ഡിസൈനുകളുമായാണ് ബഹ്റൈൻ ജ്വല്ലറികൾ പ്രദർശനത്തിൽ എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ബഹ്റൈന്റെ മുത്തുകളും അവയിലുണ്ട്. രാജ്യത്തെ ജ്വല്ലറി വ്യവസായം അഭിവൃദ്ധിപ്പെടുന്നതിന്റെ തെളിവാണ് വർധിച്ചുവരുന്ന പ്രാദേശിക സാന്നിധ്യമെന്നും അവർ പറഞ്ഞു.
എക്സിബിഷൻ വേൾഡ് ബഹ്റൈനിലെ ഏഴ് ഹാളുകളിലുമായാണ് പ്രദർശനം നടക്കുന്നത്. ആഗോള എക്സിബിഷൻ ഹബ് എന്ന നിലയിൽ ബഹ്റൈൻ മാറിയത് അഭിമാനാർഹമാണെന്നും ബുഹിജി കൂട്ടിച്ചേർത്തു.
27 രാജ്യങ്ങളിൽനിന്നുള്ള 700ലധികം പ്രദർശകർ ഇത്തവണയുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 33 ശതമാനം വർധന പ്രതീക്ഷിക്കുന്നതായി ഇൻഫോർമ മാർക്കറ്റ്സ് ജനറൽ മാനേജർ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. വാരാന്ത്യത്തോടെ, 45,000ത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്നുണ്ട്. ബഹ്റൈനിന്റെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് ഇത്തരം ഇവന്റുകളുടെ വിജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ സാമ്പത്തിക വിഷൻ 2030ന് അനുസൃതമായി പ്രാദേശിക, അന്തർദേശീയ പരിപാടികളുടെ ആഗോള ഹബ്ബായി ബഹ്റൈനെ പ്രതിഷ്ഠിക്കുന്നതിലും ജ്വല്ലറി അറേബ്യ പോലുള്ള പരിപാടികൾ വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു.
സെന്റ് അറേബ്യ പ്രദർശനവും വൻ ജനാവലിയെ ആകർഷിക്കുന്നു. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. 29ന് വൈകീട്ട് നാലു മുതൽ രാത്രി 10 വരെയും 30ന് ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയുമാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.