മനുഷ്യക്കടത്ത് തടയൽ: മുൻനിര സ്ഥാനവുമായി ബഹ്റൈൻ
text_fieldsമനാമ: മനുഷ്യക്കടത്ത് സംബന്ധിച്ച അന്താരാഷ്ട്ര റിപ്പോർട്ടിൽ ബഹ്റൈന് മുൻനിര സ്ഥാനം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെൻറ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഒന്നാം ശ്രേണിയിലുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ബഹ്റൈൻ ഇടംപിടിച്ചത്. മനുഷ്യക്കടത്തിനിരയാകുന്നവരുടെ സംരക്ഷണത്തിനുള്ള നിയമം പാലിക്കുന്നതിലെ വിജയമാണ് തുടർച്ചയായ നാലാം വർഷവും ബഹ്റൈനെ നേട്ടത്തിനർഹമാക്കിയത്. ഇൗ അംഗീകാരം ലഭിക്കുന്ന ഏക ജി.സി.സി, അറബ് രാജ്യം കൂടിയാണ് ബഹ്റൈൻ.
മനുഷ്യക്കടത്ത് ഇല്ലാതാക്കുന്ന മാനദണ്ഡങ്ങൾ ബഹ്റൈൻ പാലിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മഹാമാരിയുടെ പ്രത്യാഘാതം നേരിെട്ടങ്കിലും കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇൗ വർഷം മാർച്ച് 31 വരെ സർക്കാർ ഗൗരവതരവും സുസ്ഥിരവുമായ ശ്രമങ്ങൾ ഇക്കാര്യത്തിൽ നടത്തി. മനുഷ്യക്കടത്ത് വിരുദ്ധ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒാഫിസും പ്രത്യേക ഹൈകോടതിയും സ്ഥാപിച്ചതും ഇതിന് ഉദാഹരണമാണ്. നിർബന്ധിത തൊഴിൽ അവസാനിപ്പിക്കാനും മഹാമാരിക്കാലത്ത് തൊഴിൽനഷ്ടപ്പെട്ട കുടിയേറ്റക്കാരുടെ സംരക്ഷണത്തിനും നടപടികൾ സ്വീകരിച്ചു.
മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും അന്താരാഷ്ട്ര തലത്തിൽ മനുഷ്യക്കടത്ത് തടയുന്നതിലും ബഹ്റൈൻ കൈവരിച്ച പുരോഗതി രാജ്യത്ത് നിലനിൽക്കുന്ന മനുഷ്യാവകാശ സംസ്കാരത്തിെൻറ ഫലമാണെന്ന് പാർലമെൻറ് സ്പീക്കർ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്റൈെൻറ മാതൃക അന്തർദേശീയ രംഗത്ത് പ്രാധാന്യം നേടിയതായും അവർ പറഞ്ഞു.
മനുഷ്യാവകാശത്തിലുള്ള ഹമദ് രാജാവിെൻറ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ് ആഗോള ബഹുമതിയെന്ന് ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹ് പറഞ്ഞു. പൗരന്മാരുടെയും പ്രവാസികളുടെയും മനുഷ്യാവകാശങ്ങളെ മാനിക്കുന്നതിൽ രാജ്യം കൈവരിച്ച നിർണായക നേട്ടങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വിവേചനമില്ലാതെ രാജ്യത്തിലെ എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും തുല്യതയും മനുഷ്യാവകാശവും ഉറപ്പാക്കുന്നതിനുള്ള ഹമദ് രാജാവിെൻറ മാർഗനിർദേശങ്ങളുടെയും വിവേകപൂർണമായ കാഴ്ചപ്പാടിെൻറയും ഫലമാണ് ഈ നേട്ടമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജമാൽ അബ്ദുൽ അസീസ് അൽ അലവി പറഞ്ഞു.
മനുഷ്യക്കടത്തിനെതിരെ പരിശീലനത്തിന് പ്രാദേശിക കേന്ദ്രം സ്ഥാപിച്ച് മധ്യപൂർവദേശത്ത് മനുഷ്യക്കടത്ത് തടയുന്നതിനും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നതിനുമുള്ള സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യത്തിെൻറ പ്രയത്നങ്ങളെ അമേരിക്കൻ റിപ്പോർട്ട് പ്രശംസിച്ചുവെന്നും അൽ അലവി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.