ആത്മവസന്തത്തിന്റെ ആഘോഷ നാളുകൾക്ക് ഇന്ന് തുടക്കം
text_fieldsലോകമെങ്ങുമുള്ള വിശ്വാസികളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചുകൊണ്ട് വീണ്ടുമൊരു റമദാൻ സമാഗതമായിരിക്കുന്നു. ഇനിയങ്ങോട്ട് ആത്മവസന്തത്തിന്റെ ആഘോഷ നാളുകളാണ്. ഹൃദയ വിശുദ്ധിയും ആത്മീയ ഔന്നത്യവും നേടാനുള്ള മാസം. ദൈവികമാർഗത്തിൽ സ്ഥിരചിത്തതയോടെയും മനക്കരുത്തോടെയും പിടിച്ചുനിൽക്കാൻ ഓരോ വിശ്വാസിയെയും വ്രതം പ്രചോദിപ്പിക്കുന്നു. തിന്മയുടെ ഇരുട്ടുകൾക്ക് കട്ടികൂടുകയാണ്. അധാർമികതയും മൂല്യച്യുതിയും, വിശ്വാസരാഹിത്യവും നവലിബറലിസവും യുവസമൂഹത്തെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു. റമദാനിലൂടെ നന്മകളുടെ വർണരാജികൾ പ്രഭാപൂരിതമാവുന്നു. നന്മകളുടെയും പുണ്യത്തിന്റെയും വിളവെടുപ്പിന്റെ ഉത്സവനാളുകളാണ് റമദാൻ.
വ്രതത്തിലൂടെ പ്രപഞ്ചനാഥനായ ദൈവത്തിലേക്ക് കൂടുതൽ അടുക്കുന്ന മനുഷ്യർ സമസൃഷ്ടികളിലേക്ക് കാരുണ്യമായി പെയ്തിറങ്ങുന്ന മാസം കൂടിയാണ് റമദാൻ. നമുക്ക് ചുറ്റുമുള്ള അശരണരായ അവശർക്ക് ആശ്വാസമേകാൻ വ്രതം നമ്മെ പ്രേരിപ്പിക്കണം. ഓരോ വിശ്വാസിയും തങ്ങൾക്ക് ചുറ്റുമുള്ളവരിലേക്ക് നന്മ മരങ്ങളായി പൂത്തുലഞ്ഞു പെയ്തിറങ്ങട്ടെ. പ്രവാസലോകത്തും പ്രശ്നങ്ങളും പ്രാരാബ്ധങ്ങളുംകൊണ്ട് ജീവിതം വഴിമുട്ടിയ നിരവധിയാളുകളുണ്ട്. ബാച്ചിലറായും കുടുംബമായും ജീവിക്കുന്നവരും ഈ കൂട്ടത്തിൽപെടും. ലഭിക്കുന്ന ശമ്പളം മുഴുവൻ നാട്ടിലേക്ക് അയച്ചതിനുശേഷം അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി പ്രവാസലോകത്ത് ഉരുകി തീരുകയാണ് ഈ ഹതഭാഗ്യർ. ഇവർക്കുനേരെ നമ്മുടെ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിവെക്കാനും അവരുടെ കണ്ണീരൊപ്പാനും വ്രതം നമ്മെ പ്രാപ്തരാക്കണം. തീൻമേശയിലെ വിഭവങ്ങളുടെ എണ്ണം കൂട്ടി സമൂഹത്തിൽ പൊങ്ങച്ചം കാണിക്കാനുള്ള ആർഭാടാവസരമായി ഈ വിശുദ്ധമാസത്തെ നാം മാറ്റരുത്. ഊർജസ്വലതയുടെയും ആക്ടിവിസത്തിന്റെയും കൂടി നാളുകളാണ് വരാനിരിക്കുന്നത്. ചിലർക്കെങ്കിലും ഈ മാസം അലസതയുടെയും മടിയുടെയും കാലമാണ്. പ്രവാചകാധ്യാപനം ഇതിനെ തിരുത്തുന്നു.
വ്രതം ദൈവ സാമീപ്യം നേടാനും മനസ്സിൽ അവനോടുള്ള ദിവ്യാനുരാഗം സൃഷ്ടിക്കാനും ഉതകുന്നതാണ്. മനുഷ്യരുടെ ജീവിതത്തിൽ സൂക്ഷ്മതയും ഭക്തിയും ജാഗ്രതയും ഉൽപാദിപ്പിക്കുന്നു വ്രതം. ‘‘അല്ലയോ സത്യവിശ്വാസികളായവരേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് നിർബന്ധമാക്കിയിരുന്നതുപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിർബന്ധമാക്കിയിരിക്കുന്നു; നിങ്ങള്‍ തഖ്വയുള്ളവരാകാന്‍’’ (ഖുർആൻ 2:183). ഇസ്ലാമിലെ എല്ലാ ആരാധനകളും മനുഷ്യരെ സൂക്ഷ്മതയുള്ളവരാക്കാൻവേണ്ടിയുള്ളതാണ്. ഭക്തി, ജാഗ്രത, സൂക്ഷ്മത, കരുതല്‍, കാവല്‍, ഭയം തുടങ്ങി നിരവധി ആശയങ്ങള്‍ ഉൾക്കൊള്ളുന്ന പദമാണ് തഖ്വ. ‘അല്ലാഹു കല്പിച്ചതൊക്കെയും പാലിക്കുക. അവന് നിരോധിച്ചതൊക്കെയും വര്‍ജിക്കുക’ എന്നാണ് പൂര്‍വസൂരികള്‍ നല്കിയ പ്രബലവും പ്രചുരവുമായ തഖ്വയുടെ നിര്‍വചനം. ദൈവം മനുഷ്യരില്‍ പ്രകൃത്യാ നിക്ഷേപിച്ചിട്ടുള്ള ധര്‍മബോധമാണ് ഇത്. ധാർമിക ബോധത്താല്‍ ഉദാത്തമായ മനസ്സാക്ഷി. അതില്‍ ദൈവത്തോടുള്ള ഭക്തിയുണ്ട്. അവന്റെ പ്രീതിക്കുവേണ്ടിയുള്ള ദാഹമുണ്ട്. അധര്‍മങ്ങളോട് കടുത്ത പ്രതിഷേധമുണ്ട്.
സൃഷ്ടികളുടെ അടിമത്തത്തിൽനിന്നും പ്രപഞ്ചനാഥനായ സ്രഷ്ടാവിന്റെ അടിമത്തത്തിലേക്ക് മനുഷ്യരെ മാറ്റുന്ന സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ് റമദാൻ. തെറ്റുകളിൽനിന്നും തിന്മകളിൽ നിന്നും നമ്മെ തടയുന്ന ശക്തമായ ഒരു പരിചകൂടിയാണ് നോമ്പ്. മനസ്സിൽ തഖ് വയുടെ നിറം മങ്ങുമ്പോൾ ക്ഷുദ്ര കാമനകളും പൈശാചിക ദുർബോധനങ്ങളും ആധിപത്യം നേടുന്നു. തെറ്റായ വാക്ക്, പ്രവൃത്തി, നോട്ടം എന്നിവയിൽനിന്നുള്ള ആത്മനിയന്ത്രണം നോമ്പിലൂടെ നമുക്ക് സാധ്യമാവുന്നു. സമത്വബോധം മനസ്സിൽ നിറക്കാനും മുഴുവൻ മനുഷ്യരെയും ഏകോദര സഹോദരങ്ങളെപോലെ കാണാനുമുള്ള പരിശീലനവും ഇതിലൂടെ സാധ്യമാവുന്നു.
സൽമനോഭാവത്തിനും പരസ്പരമുള്ള വിട്ടുവീഴ്ചക്കുമുള്ള സുവര്‍ണാവസരമാണ് പരിശുദ്ധ റമദാന്. ജീവിതയാത്രക്കിടയിൽ അറ്റുപോയ സാമൂഹിക ബന്ധത്തിന്റെ കണ്ണികളെ വിളക്കിച്ചേര്‍ക്കാനുള്ള ഏറ്റവും അനുയോജ്യമായ സന്ദർഭം. ദൈവികമായ പൊറുത്തുകൊടുക്കലിന്റെയും മാനുഷികമായ മാപ്പിന്റെയും മാസം. ഈ വിശുദ്ധ മാസത്തിൽ വിശ്വമാകെ മാറുകയാണ്. ആകാശവും ഭൂമിയും മാറ്റത്തിന് വിധേയമാവുന്നു. മുഴുവൻ ജനങ്ങളുടെയും സ്വഭാവവും സമൂലമായി മാറുകയാണ് റമദാനില്‍. മനുഷ്യരുടെ വിശ്വാസത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ജീവിതരീതിയിലും അടിമുടി പരിവർത്തനങ്ങൾ ഉണ്ടാക്കാൻ വേണ്ടി അവതീര്‍ണമായ ദൈവിക ഗ്രന്ഥങ്ങള്‍ ഭൂമിയില്‍ ഇറക്കാന്‍ ദൈവം തെരഞ്ഞെടുത്തതും ഈ വിശുദ്ധ മാസത്തെ തന്നെയാണ്. റമദാനില്‍ പ്രപഞ്ചത്തില്‍ സമഗ്രമാറ്റം സംഭവിക്കുന്നതായി മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. ‘റമദാനിന്റെ ആദ്യ രാത്രിയില്‍ പിശാചുക്കളും ധിക്കാരികളായ ജിന്നുകളും ചങ്ങലകളില്‍ ബന്ധിക്കപ്പെടും. നരകത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെടും. അതില്‍ ഒരു വാതില്‍പോലും തുറക്കപ്പെടില്ല. സ്വര്‍ഗവാതിലുകള്‍ മലർക്കെ തുറന്നിടപ്പെടും. അവിടെയുള്ള ഒരു വാതില്‍പോലും അടക്കപ്പെടുകയില്ല. ആകാശലോകത്തുനിന്നും അരുളപ്പാടുണ്ടാവും ‘‘നന്മ കൊതിക്കുന്നവനേ, മുന്നോട്ടുവരൂ. തിന്മ ആഗ്രഹിക്കുന്നവനേ, പിന്തിരിഞ്ഞു പോകൂ, നരകത്തില്‍നിന്ന് അല്ലാഹു മോചിപ്പിക്കുന്നവരായി നിരവധി ആളുകളുണ്ടാവും. അത് എല്ലാ രാവിലും സംഭവിക്കും.’’ ആകാശ ലോകത്താണ് ഈ മാറ്റങ്ങളുടെ വിളംബരം ഉണ്ടാവുന്നതെങ്കില്‍ സമാനമായ മാറ്റം ഭൂമിയിലും സംഭവിക്കും. ജനമനസ്സുകള്‍ ശാന്തമാവും. നന്മയോടുള്ള പ്രതിപത്തി വര്‍ധിക്കും.
ദൈവഭയത്താലും നരകഭയത്താലും സ്വർഗത്തെകുറിച്ചുള്ള ആഗ്രഹത്താലും ഓരോ മനസ്സും ഈ മാസത്തിലെ രാവുകളിൽ ഏറെ തരളിതമാവുന്നു. പാതിരാവുകളിൽ പടച്ചവനിലേക്ക് ഓരോ വിശ്വാസിയുടെ കരങ്ങളും ഉയരും. അർഥനകളും തേട്ടങ്ങളുമായി അവന്റെ കണ്ണിൽനിന്നും ധാര ധാരയായി ഒഴുകുന്ന കണ്ണുനീർകൊണ്ട് ചെയ്തുപോയ പാപങ്ങളെ അവൻ കഴുകി കളയുന്നു. സർവോപരി റമദാൻ ഓരോ മനുഷ്യരെയും കൂടുതൽ വിമലീകരിക്കുകയാണ്. അത് വ്യക്തിയിൽ നിന്നും കുടുംബത്തിലേക്കും സമൂഹത്തിലേക്കും പരക്കുകയും അതിലൂടെ നന്മയിൽ അധിഷ്ഠിതമായ നല്ലൊരു നാഗരികത സാധ്യമാവുകയും ചെയ്യുന്നു. എല്ലാവർക്കും റമദാൻ ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.