ബലാത്സംഗക്കേസ്; ശിക്ഷാനിയമത്തിലെ വിവാദവ്യവസ്ഥ ഹമദ് രാജാവ് റദ്ദാക്കി
text_fieldsമനാമ: ബലാത്സംഗക്കേസിലെ പ്രതികൾ ഇരയെ വിവാഹം കഴിച്ചാൽ ശിക്ഷയിൽനിന്ന് ഒഴിവാകുമെന്ന 1976 ശിക്ഷാ നിയമത്തിലെ വിവാദവ്യവസ്ഥയായ ആർട്ടിക്കിൾ 353 രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ റദ്ദാക്കി. വിവാദവ്യവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം പാർലമെന്റിലും ശൂറാ കൗൺസിലും അംഗീകരിച്ചിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമ്പോൾ മുതൽ ഇത് പ്രാബല്യത്തിൽവരുമെന്ന് രാജകീയ ശാസനത്തിൽ പറഞ്ഞു. 1976ലെ ശിക്ഷാനിയമത്തിലെ വിവാദവ്യവസ്ഥ സ്ത്രീകളുടെ പദവി തരംതാഴ്ത്തുന്നതാണെന്നും കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരം നൽകുന്നതാണെന്ന് പാർലമെന്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സും എൻഡോവ്മെന്റ് മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സുപ്രീം കൗൺസിൽ ഫോർ വുമണും വിവാദവ്യവസ്ഥ ഒഴിവാക്കണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നു.
നിയമഭേദഗതി സംബന്ധിച്ച പാർലമെന്റ് അംഗങ്ങളുടെ നിർദേശം അവലോകനംചെയ്ത പാർലമെന്റിലെ വിദേശകാര്യ -പ്രതിരോധ -ദേശീയ സുരക്ഷാസമിതി, ആഭ്യന്തര, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയങ്ങൾ, നീതിന്യായ-ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം, ബഹ്റൈൻ വനിതാ സുപ്രീം കൗൺസിൽ, ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ, നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നിവയുമായി വിഷയം ചർച്ച ചെയ്തിരുന്നു. നിയമത്തിലെ പഴുത് കുറ്റവാളികൾക്ക് സഹായകരമാണെന്നും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണെന്നും സർവിസസ് കമ്മിറ്റി വൈസ് ചെയർപേഴ്സൻ ജലീല അസ്സയ്യിദ് ചർച്ചക്കിടെ ചൂണ്ടിക്കാട്ടി.
തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും വിധേയരാകുന്ന സ്ത്രീകൾ പലപ്പോഴും നാണക്കേട് ഒഴിവാക്കാനും കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനും വിവാഹത്തിന് നിർബന്ധിതരാകുകയാണ്. അല്ലെങ്കിൽ അവൾ സമൂഹത്തിൽനിന്ന് നിഷ്കാസിതയാകുന്ന അവസ്ഥയാണെന്നും ഇത് പരിഷ്കൃതസമൂഹത്തിന് യോജിച്ചതല്ലെന്നും അവർ കൂട്ടിച്ചേർത്തു.
ശരീഅത്ത് നിയമമനുസരിച്ച് ഇരുകൂട്ടരുടേയും സമ്മതമുണ്ടായാൽ മാത്രമേ വിവാഹ ഉടമ്പടി സാധുവാകുന്നുള്ളൂ. ഇവിടെ ഇരയാക്കപ്പെട്ട സ്ത്രീ സമ്മതത്തോടുകൂടിയല്ല വിവാഹത്തിന് തയാറാകുന്നതെന്നതിനാൽ വിവാഹക്കരാർ സാധുവല്ലെന്നും ചർച്ചയിൽ പാർലമെന്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 353 നീക്കംചെയ്യണമെന്ന ആവശ്യം ശൂറാ കൗൺസിലും ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.