മധുരനൊമ്പരം ആ നോമ്പുകാലം
text_fieldsനോമ്പുകാലം വരുമ്പോൾ ഏറ്റവും കൂടുതൽ ഓർക്കാറുള്ളത് എെൻറ കുട്ടിക്കാലമാണ്. അന്നത്തെ നോമ്പ് കാലവും ഇന്നത്തെ നോമ്പ് കാലവും ഒരുപാട് മാറിപ്പോയി. അന്നൊക്കെ നോമ്പ് തുടക്കത്തിലേ കുട്ടികളുടെ മനസ്സിൽ പെരുന്നാളിെൻറയും സകാതിെൻറയും സ്വപ്നങ്ങൾ മാത്രമായിരിക്കും. മിക്കപ്പോഴും രാത്രിയിലാകും പർച്ചേസ് ഒക്കെ. പകൽ നോമ്പിെൻറ ക്ഷീണവും. ഉമ്മമാർ നോമ്പ്തുറ കടികൾ ഉണ്ടാക്കുന്ന തിരക്ക് കാരണം പകൽ പുറത്ത് പോവില്ല. ഒരുദിവസം വസ്ത്രങ്ങൾ എടുക്കൽ. പിന്നൊരു ദിവസം ഫാൻസി ആയിരിക്കും.
മറ്റൊരു ദിവസം ചെരിപ്പ്. ഇങ്ങനെയൊക്കെയാണ് ആ കാലം. അന്നൊക്കെ അതൊക്കെ വലിയ ആവേശമായിരുന്നു. ഒരുപാട് സന്തോഷവും. ആ പെരുന്നാൾ കഴിഞ്ഞാൽ പിന്നെ വലിയ പെരുന്നാൾ കാത്തിരിപ്പായിരിക്കും. കുടുംബത്തിൽ ഒരു വീട് പോലും ഒഴിവാക്കാതെ പോകും. എത്ര സന്തോഷമുള്ള ഓർമകളാണ് അതൊക്കെ. പെരുന്നാളിെൻറ രാവിൽ പടക്കം പൊട്ടിക്കലും പൂക്കുറ്റി, നിലച്ചക്രം, കമ്പിത്തിരി അങ്ങനെ ഒരുപാട് കാര്യങ്ങൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സന്തോഷം പകർന്നതായിരുന്നൂ അതൊക്കെ.
ഞങ്ങളുടെ നാട്ടിൽ (തലശ്ശേരി) അത്താഴത്തിന് അത്താഴം ബാവ വരും (അത്താഴത്തിന് ഉറക്കം ഉണർത്താൻ വരുന്നതാണ്). കൈയിൽ റാന്തൽ വിളക്കും പിടിച്ച് ഓരോ വീടിന് മുന്നിലും അവരുടെ ഭാഷയിൽ എന്തൊക്കെയോ പാടും. കൂടെ ദഫ് പോലുള്ള മുട്ടുന്ന ഒരു സാധനവും. കുട്ടികൾക്കെല്ലാം അതിെൻറ ശബ്ദം പേടിയാ സത്യത്തിൽ. അവർ ഈദിെൻറ അന്ന് രാവിലെയാണ് പകൽവെളിച്ചത്തിൽ വരുന്നത്.
ചീനീം മുട്ടും എന്നൊരു സംഘവും വരുമായിരുന്നു. നോമ്പ് തുറക്കുശേഷം ഇശാഅ് ബാങ്ക് ഒക്കെ കഴിഞ്ഞാൽ ബാൻഡ് മേളം, പീപ്പി ഇതൊക്കെ ആയി സിനിമ പാട്ടിെൻറ ഈണത്തിൽ അവർ മുട്ടും. ഓരോ വീടുകളിൽ അവർ കയറിയിറങ്ങും. ചിലർ പാടിക്കും. ചിലർ വേണ്ടെന്ന് പറയും.
ഇന്ന് എെൻറ കുട്ടികളോട് ഈ കഥകൾ പറയുമ്പോൾ അവർക്ക് അത്ഭുതമാണ്. അതൊക്കെ ഒരു കാലം. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം. ആ നിഷ്കളങ്കമായ ഓർമകളും സ്നേഹവും ഇന്നും ഒരു സന്തോഷമുള്ള നോവ് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.