ജനറല്ബോഡിയെക്കുറിച്ച് ഭരണസമിതിയുടെ വാർത്തക്കുറിപ്പ് വസ്തുതവിരുദ്ധം -യു.പി.പി
text_fieldsമനാമ: ജനറല്‍ബോഡി സംബന്ധിച്ച് ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി പുറത്തുവിട്ട വാർത്തക്കുറിപ്പ് വാസ്തവവിരുദ്ധവും വളച്ചൊടിച്ചതുമാണെന്ന് യു.പി.പി (യുനൈറ്റഡ് പാരന്റ്സ് പാനൽ). യോഗ നടപടികളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴുണ്ടായ പ്രതിഷേധംമൂലം ഉച്ചവരെ നിർത്തിവെക്കുകയാണുണ്ടായത്.
പത്തുവര്‍ഷം മുമ്പ് പണിത റിഫയിലെ കാമ്പസിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും പ്രത്യേക ജനറല്‍ബോഡി വിളിച്ച് മുഴുവന്‍ രക്ഷിതാക്കളെയും അറിയിച്ച് അഭിപ്രായം ആരായണമെന്നും യു.പി.പി അംഗങ്ങള്‍ ആവശ്യപ്പെട്ടത് ഭരണസമിതിക്ക് അംഗീകരിക്കേണ്ടിവന്നു. തെരഞ്ഞെടുപ്പ് നടത്തി രക്ഷിതാക്കളല്ലാത്തവര്‍ അധികാരത്തില്‍നിന്ന് ഒഴിയണമെന്ന് രക്ഷിതാക്കളായ അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍, തെരഞ്ഞെടുപ്പിന് ബന്ധപ്പെട്ടവരുടെ അനുമതി കിട്ടുന്നില്ലെന്ന വിശ്വാസ്യയോഗ്യമല്ലാത്ത മറുപടിയാണുണ്ടായത്. തെരഞ്ഞെടുപ്പിനായി മന്ത്രാലയത്തെ സമീപിക്കാമെന്ന നിർദേശവും നിരാകരിക്കപ്പെട്ടു.
ഇന്‍ഫ്രാസ്ട്രെക്ചര്‍ എന്ന പേരില്‍ കോവിഡ്കാലത്ത് പോലും പിരിച്ചെടുത്ത തുക ഉണ്ടായിട്ടും റിഫാ കാമ്പസിന്റെ ലോൺ തിരിച്ചടവ് 25 മാസം വീഴ്ച വരുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിനും മറുപടിയുണ്ടായില്ല. ഈ ഭരണസമിതി പുതുതായി നിയമിക്കുന്ന ടീച്ചര്‍മാര്‍ക്ക് പഴയ ടീച്ചര്‍മാരേക്കാള്‍ വേതനം നല്‍കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പുതിയ ടീച്ചര്‍മാര്‍ക്ക് പഴയ ടീച്ചര്‍മാരേക്കാള്‍ പ്രവര്ത്തനപരിചയമുള്ളതു കൊണ്ടാണെന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്. ഭരണസമിതിയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായുണ്ടാകുന്ന ക്രമക്കേടുകള്‍ക്കെതിരെയും നീതി നിഷേധത്തിനുമെതിരെയും ഭരണസമിതിയിലുള്ള രക്ഷിതാക്കളല്ലാത്തവരെ മാറ്റിനിര്‍ത്തി ഉടൻ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താനും മന്ത്രാലയത്തെയും അധികാരികളെയും സമീപിക്കുമെന്നും യു.പി.പി വാർത്തക്കുറിപ്പിൽ പറഞ്ഞു.
ജനറല്‍ ബോഡിയില്‍ യു.പി.പി നേതാക്കളായ ശ്രീധര്‍ തേറമ്പിൽ, ബിജു ജോര്‍ജ്, ഡോ. സുരേഷ് സുബ്രമണ്യം, ഹരീഷ് നായര്‍, ജാവേദ് പാഷ, എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, ജോണ്‍ ബോസ്കോ, ജോണ്‍ തരകന്, അന്‍വര്‍ ശൂരനാട്, ഫിലിപ്പ്, ശ്രീകാന്ത്, മോഹന്‍ നൂറനാട്, സിന്‍സണ്‍ ചാക്കോ, അബ്ബാസ് സേഠ്, ദീപക് മേനോന്, സെയ്ദ് ഹനീഫ്, അബ്ദുല്‍സഹീര്‍, അജി ജോര്‍ജ്, ജോജീഷ്, ശ്രീകാന്ത്, ശ്രീജിത്ത്, ജിബു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.