ഭരണതലത്തിലും ചെലവുചുരുക്കലിന് തുടക്കമിട്ട് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പൊതുചെലവുകള്‍ കുറക്കുന്നതിന്‍െറ ഭാഗമായി ഭരണതലത്തില്‍ ചെലവുചുരുക്കുന്നതിന് കുവൈത്ത് സര്‍ക്കാര്‍ നീക്കം തുടങ്ങി.
ഇതിന്‍െറ ആദ്യപടിയായി ഭരണകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്ന അമീരി ദിവാന്‍െറ സാമ്പത്തിക ബജറ്റ് വിഹിതം കുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന് നിര്‍ദേശം നല്‍കി. അമീരി ദിവാനുപുറമെ സര്‍ക്കാറിന്‍െറ മറ്റു മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ബജറ്റ് പുന$ക്രമീകരിക്കുന്നതിനുള്ള നടപടിക്കും ഉടന്‍ തുടക്കമിടുമെന്നാണ് സൂചന.
രാജ്യത്തെ നിയമപ്രകാരം അമീരി ദിവാന്‍ അടക്കമുള്ള എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ബജറ്റ് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തശേഷമാണ് നിശ്ചയിക്കാറുള്ളത്. എന്നാല്‍, ഭരണകുടുംബത്തിന്‍െറ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സംവിധാനമായ അമീരി ദിവാന്‍െറയും അനുബന്ധ വകുപ്പുകളുടെയും ബജറ്റിന്‍െറ കാര്യങ്ങളില്‍ പാര്‍ലമെന്‍റ് കാര്യമായി ഇടപെടാറില്ല. ആഗോള വിപണിയില്‍ എണ്ണയുടെവില കൂപ്പുകുത്തിയതോടെ രാജ്യത്തെ പൊതുചെലവ് ഗണ്യമായി കുറക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
അവശ്യസാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കിവരുന്ന സബ്സിഡി വെട്ടിക്കുറക്കാനുള്ള ആലോചനകള്‍ നടന്നുവരുന്നുണ്ട്.
എന്നാല്‍, തങ്ങളെ നേര്‍ക്കുനേര്‍ ബാധിക്കുന്ന ഇതിനെതിരെ സ്വദേശികളുടെ ഭാഗത്തുനിന്ന് എതിര്‍പ്പ് ശക്തമാണ്. അതുകൊണ്ടുതന്നെ പെട്രോള്‍, വൈദ്യുതി, വെള്ളം എന്നിവയുടെ സബ്സിഡി നിയന്ത്രണം സര്‍ക്കാര്‍ തല്‍ക്കാലം നടപ്പാക്കിയിട്ടില്ല.
എങ്കിലും എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഏതുസമയത്തും സബ്സിഡി നിയന്ത്രണം നടപ്പാക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. അതെല്ലാതെ വഴിയില്ളെന്നുള്ള വിദഗ്ധോപദേശമാണ് ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയും അന്താരാഷ്ട്ര ഏജന്‍സിയുമൊക്കെ നല്‍കിയത്.
സബ്സിഡി വെട്ടിക്കുറക്കുന്നതോടെ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുകയും സേവനങ്ങളുടെയും നിരക്ക് കൂടുകയും ചെയ്യും. എന്നാല്‍, ജനങ്ങള്‍ക്കുള്ള ആനുകുല്യങ്ങള്‍ കുറയുമ്പോഴും സര്‍ക്കാര്‍ തലത്തിലുള്ള പൊതുചെലവുകള്‍ കുറയാതിരിക്കുന്ന അവസ്ഥയുണ്ടാവുന്നത് ആക്ഷേപത്തിനിടയാക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ബജറ്റ് വിഹിതം കുറച്ച് ചെലവുചുരുക്കന്നതിന് ആലോചിക്കുന്നത്. ഏറ്റവും ഉന്നതതലത്തില്‍നിന്ന് തന്നെയാവട്ടെ ഇതിന്‍െറ തുടക്കമെന്ന നിലക്കാണ് അമീരി ദിവാന്‍െറ ബജറ്റ് ചുരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ അമീര്‍, പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.