ഇറാഖ് പ്രസിഡന്റ്, പ്രധാനമന്ത്രിയുമായി ചർച്ച
text_fieldsകുവൈത്ത് സിറ്റി: ഇറാഖ് പ്രസിഡന്റ് ഡോ. അബ്ദുൽ ലത്തീഫ് റാഷിദുമായി വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് കൂടിക്കാഴ്ച നടത്തി. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ ആശംസകൾ വിദേശകാര്യ മന്ത്രി കൈമാറി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, വ്യാപാരം, നിക്ഷേപം എന്നിവ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രാതിർത്തി നിർണയ പ്രക്രിയ പൂർത്തീകരിക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സൗദാനിയുമായും ഞായറാഴ്ച കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിൽ നിന്നുള്ള വിവിധ വിഷയങ്ങൾ പരാമർശിക്കുന്ന കത്ത് ശൈഖ് സലീം ഇറാഖ് പ്രധാനമന്ത്രിക്ക് കൈമാറി. ഇറാഖ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ ഹൽബൂസിയുമായും ഇറാഖി നിയമനിർമാതാക്കളുമായും കമ്മിറ്റി മേധാവികളുമായും കുവൈത്ത് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. പാർലമെന്ററി സഹകരണം, സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ, സുരക്ഷാ മേഖലകളുടെ വികാസം, അനുഭവങ്ങളുടെ കൈമാറ്റം എന്നിവ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.