കുവൈത്തിൽ സര്‍ക്കാര്‍ മേഖലയില്‍നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റത്തിൽ ഇളവ്
text_fieldsകുവൈത്ത് സിറ്റി: വിദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റ നിയന്ത്രണത്തിൽ ഇളവ്. മൂന്ന് വിഭാഗങ്ങളെ സ്വകാര്യമേഖലയിലേക്കുള്ള വിസമാറ്റ നിരോധനത്തിൽനിന്ന് ഒഴിവാക്കി. ഇത് സംബന്ധമായ തീരുമാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറപ്പെടുവിച്ചതായയും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വദേശികളെ വിവാഹം കഴിച്ച വിദേശികളും അവരുടെ കുട്ടികളും, സാധുവായ രേഖകള്‍ കൈവശമുള്ള ഫലസ്തീൻ പൗരന്മാർക്കും അറുപത് വയസ്സിന് താഴെ പ്രായമുള്ള യൂനിവേഴ്സിറ്റി ബിരുദധാരികളായ വിദേശികള്‍ക്കുമാണ് ഇളവ് നല്‍കുക. എന്നാല്‍ ഇത്തരത്തിലുള്ളവരുടെ അപേക്ഷകളിൽ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും നടപടി സ്വീകരിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തേ സര്‍ക്കാര്‍ മേഖലയിലും പൊതു മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നത് നിര്‍ത്തലാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍നിന്ന് വിരമിച്ചവര്‍ക്കും രാജി വെച്ചവര്‍ക്കും പിരിച്ചുവിട്ടവര്ക്കുമാണ് ആദ്യ ഘട്ടത്തില്‍ തീരുമാനം ബാധകമാവുക.
രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. നേരത്തെയുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്.
ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്നര ലക്ഷത്തോളം കുവൈത്തികളും ഒരു ലക്ഷത്തോളം പ്രവാസികളുമാണ് പൊതു മേഖലയില്‍ ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.