മനുഷ്യക്കടത്ത്: യു.എസ് വാർഷിക അവലോകനത്തിൽ കുവൈത്ത് രണ്ടാം പട്ടികയിൽ
text_fieldsകുവൈത്ത് സിറ്റി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറിെൻറ വാർഷിക അവലോകനത്തിൽ കുവൈത്ത് തുടർച്ചയായ ആറാം തവണയും ടയർ രണ്ട് വാച്ച് ലിസ്റ്റിൽ.
മനുഷ്യക്കടത്ത് തടയാൻ വിവിധ രാജ്യങ്ങൾ കൈക്കൊണ്ട നടപടികളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക റിപ്പോർട്ട് തയാറാക്കിയത്. മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നതിൽ ലോകരാജ്യങ്ങൾ കൈവരിച്ച പുരോഗതി സംബന്ധിച്ച റിപ്പോർട്ടിൽ ഈരംഗത്തു ഇനിയും പൂർണ വിജയം കാണാത്ത രാജ്യങ്ങളുടെ കൂട്ടത്തിലാണ് കുവൈത്ത് ഇടം പിടിച്ചത്.
മനുഷ്യക്കടത്ത് തടയാൻ സ്വീകരിച്ചു പോരുന്ന നടപടികളും അവയുടെ ഫല പ്രാപ്തിയും അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചത്.
ട്രാഫിക്കിങ് വിക്ടിംസ് പ്രൊട്ടക്ഷൻ ആക്ടിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിജയം കണ്ട രാജ്യങ്ങളെ ടയർ ഒന്ന് ഗണത്തിലും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും പൂർണ വിജയത്തിലെത്താത്ത രാജ്യങ്ങളെ ടയർ രണ്ട് ഗണത്തിലും പെടുത്തുകയായിരുന്നു.
വിഷയത്തിൽ കാര്യമായ പരിശ്രമങ്ങൾ എടുക്കാതിരിക്കുകയും ടി.വി.പി.എ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരിക്കുകയും ചെയ്ത രാജ്യങ്ങളാണ് മൂന്നാമത്തെ ഗണത്തിലുള്ളത്. കുവൈത്ത് തുടർച്ചയായ ആറാം വർഷമാണ് ടയർ ടു വിഭാഗത്തിൽ ഉൾപ്പെടുന്നത്.
അതേസമയം, ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കുവൈത്ത് സർക്കാർ സ്വീകരിച്ച നടപടികൾ പ്രശംസനീയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗാർഹിക നിയമങ്ങളിൽ ഈയിടെയായി വരുത്തിയ പരിഷ്കാരങ്ങളും സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരികൾക്ക് സംരക്ഷണം നൽകിയതും പ്രശംസിക്കപ്പെട്ടു.
ഏകദേശം കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായ പരാമർശമാണ് ഇതുസംബന്ധിച്ച് ഉണ്ടായത്. മനുഷ്യക്കടത്തും ചൂഷണങ്ങളും തടയാൻ കുവൈത്ത് സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കുമെന്ന് കുവൈത്തിലെ അമേരിക്കൻ അംബാസഡർ അലീന റൊമനോവ്സ്കി റിപ്പോർട്ടിനോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.