ദേശീയ ദിനം: രാജ്യം ആഘോഷപ്പൊലിമയിൽ
text_fieldsകുവൈത്ത് സിറ്റി: ആഹ്ലാദവും ആഘോഷവും നിറഞ്ഞ അന്തരീക്ഷത്തിൽ രാജ്യം 62ാമത് ദേശീയദിനം ആഘോഷിച്ചു. ആഘോഷദിനത്തിൽ തെരുവുകൾ നിറഞ്ഞ ജനക്കൂട്ടം മാതൃരാജ്യത്തിന്റെ കൊടിയടയാളങ്ങൾ വീശി ബ്രിട്ടീഷ് കോളനി ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ ആഹ്ലാദം പങ്കിട്ടു.
അധിനിവേശത്തിന്റെ ദുസ്സഹമായ കൂട്ടിൽനിന്ന് വിമോചനത്തിന്റെ സ്വതന്ത്രമായ ആകാശത്തേക്ക് പറന്നുയരുകയും ഉയരങ്ങൾ കീഴടക്കുകയും ചെയ്ത കഥ അവർ പങ്കുവെച്ചു. ഞായറാഴ്ച വിമോചന ദിനമാണ്. ഇറാഖ് അധിനിവേശത്തിൽനിന്ന് മോചിതമായതിന്റെ വാർഷികദിനം.
ശനിയാഴ്ച രാജ്യത്തുടനീളം വിപുലമായ ആഘോഷം നടന്നു. കെട്ടിടങ്ങളിലും വീടുകളിലും വാഹനങ്ങളിലും ദേശീയപതാക പാറിപ്പറന്നു. ഓരോ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചും ആഘോഷം നടന്നു. കുവൈത്ത് ടവർ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് എന്നിവിടങ്ങൾ ആഘോഷങ്ങളുടെ കേന്ദ്രങ്ങളായി.
വിവിധ മാളുകളും ഷോപ്പിങ് സെന്ററുകളും ദേശീയ ദിനത്തിന്റെ ഭാഗമായി. ദേശീയപതാകയുമായി കൊച്ചുകുട്ടികൾ റോഡും തെരുവും കൈയടക്കി. പരസ്പരം ആലിംഗനം ചെയ്ത് സന്തോഷം പങ്കിട്ട ഏവരും ദേശസ്നേഹം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും പങ്കാളികളാവുകയും ചെയ്തു. പ്രവാസി സമൂഹവും ആഘോഷത്തിന്റെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.