വാക്സിനേഷനിൽ പ്രവാസികൾക്ക് മുൻഗണന ആവശ്യപ്പെട്ട് ഹരജി
text_fieldsകുവൈത്ത് സിറ്റി: യാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്ക് കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ഹരജിയുമായി പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ. ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാമാണ് ലീഗൽ സെല്ലിനായി ഹരജി സമർപ്പിച്ചത്. ഈ വിഷയത്തിൽ അഡ്വ. ജോസ് അബ്രഹാം, പ്രവാസി ലീഗൽ സെൽ
ഗ്ലോബൽ വക്താവും കുവൈത്ത് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് എന്നിവർ ചേർന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നുവെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ മൂലം ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാർ സാധുതയുള്ള റസിഡൻസ് വിസ ഉണ്ടായിട്ടും ജോലികളിൽ വിദേശത്ത് തിരികെ പ്രവേശിക്കാനാകാതെ നാട്ടിൽ തങ്ങുകയാണ്. ചില രാജ്യങ്ങൾ ഇപ്പോൾ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മടങ്ങി വരവിന് മുൻഗണനയും ക്വാറൻറീൻ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥയനുസരിച്ച് വാക്സിനേഷെൻറ രണ്ടു ഡോസുകളും പൂർത്തിയാക്കാൻ മാസങ്ങൾ കഴിയേണ്ടിവരുമെന്നതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ച് പ്രവാസികൾക്ക്
മുൻഗണനാടിസ്ഥാനത്തിൽ കുത്തിവെപ്പെടുക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് കേന്ദ്ര, കേരള സര്കാരുകൾക്ക് നിവേദനം സമർപ്പിച്ചുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ചില പ്രത്യേക മേഖലയിലുള്ളവരെ മാത്രം പരിഗണിച്ച് സംസ്ഥാന സർക്കാർ വാക്സിനേഷൻ മുൻഗണനാ പട്ടിക പുതുക്കിയപ്പോഴും പ്രവാസികളെ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ അടിയന്തരമായി ഹർജി സമർപ്പിച്ചത്. ഹൈകോടതിയിൽനിന്ന് അനുകൂല തീരുമാന മുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.