ഇന്ധനവില വർധന; വിമാന ടിക്കറ്റ് നിരക്ക് ഉയരും
text_fieldsകുവൈത്ത് സിറ്റി: ഇന്ധനവില വർധന വിമാന ടിക്കറ്റ് നിരക്ക് ഉയരാനിടയാക്കുമെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ വ്യക്തമാക്കി.
ഇന്ധനവില വർധന വിമാന കമ്പനികളുടെ നടത്തിപ്പ് ചെലവ് വർധിപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് ഉയർത്തുകയല്ലാതെ വഴിയില്ല. വ്യോമയാന മേഖലയെതന്നെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇന്ധനവിലയിലുണ്ടായ കുതിച്ചുകയറ്റം.
കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയിൽ ഒന്നാണിത്. യാത്രാനിയന്ത്രണങ്ങൾ നീക്കി പതിയെ ഉണർവ് പ്രകടിപ്പിക്കുന്നതിനിടെയാണ് ഇന്ധനവില ക്രമാതീതമായി ഉയർന്നത്. കഴിഞ്ഞ രണ്ടു വർഷം ഏതാണ്ടെല്ലാ വിമാന കമ്പനികളും വൻ നഷ്ടം നേരിട്ടു.
കഴിഞ്ഞ വർഷത്തിന്റെ അവസാന പാദത്തിലും ഈ വർഷവും ധാരാളം കമ്പനികൾ ലാഭത്തിലെത്തി. കോവിഡ് ഭീഷണി പൂർണമായും നീങ്ങിയെന്ന് പറയാനാകില്ല. ചില രാജ്യങ്ങളിൽ ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. ആളുകൾ ഭയമില്ലാതെ പഴയപോലെ സജീവമായി യാത്ര ചെയ്യുന്ന നില കൈവരിക്കേണ്ടതുണ്ടെന്നും അസോസിയേഷൻ ഭാരവാഹി വില്ലി വാൽഷ് പറഞ്ഞു. സാധാരണക്കാരായ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത്. കഴിഞ്ഞ വർഷം ടിക്കറ്റ് നിരക്ക് ചരിത്രത്തിലെ ഉയർന്ന നിലയിലായിരുന്നു. ഇപ്പോൾ അൽപം കുറഞ്ഞിട്ടുണ്ട്. കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന ഘട്ടങ്ങളിൽ നിരക്ക് അനിയന്ത്രിതമായി ഉയർത്തും. കുവൈത്തിൽ പെരുന്നാളിനോടനുബന്ധിച്ച് ഒമ്പത് ദിവസം അവധി ലഭിക്കാനിടയുണ്ട്. ഈ ഘട്ടത്തിലും കുവൈത്ത് കുടുംബസന്ദർശക വിസ അനുവദിച്ച് തുടങ്ങിയാലും വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.