സാരഥി കുവൈത്ത് ശാസ്ത്ര സാങ്കേതിക പ്രദർശനം
text_fieldsകുവൈത്ത് സിറ്റി: സാരഥി കുവൈത്ത് സിൽവർ ജൂബിലി ആഘോഷ ഭാഗമായി ‘ഫ്യൂച്ചറോളജിയ 2024’ എന്നപേരിൽ ശാസ്ത്ര സാങ്കേതിക പ്രദർശനം സംഘടിപ്പിച്ചു. ഖൈത്താൻ കാർമൽ സ്കൂളിൽ നടന്ന പരിപാടിയിൽ സയൻസ്, ഗണിതം, ഐടി വിഭാഗങ്ങളിലായി നൂറോളം ടീമുകൾ പങ്കെടുത്തു. 1999 മുതലുള്ള സാരഥിയുടെ ചരിത്ര വീഥികളിലൂടെയുള്ള സഞ്ചാരം ഉൾപ്പെടെയുള്ള വിവിധ കാലങ്ങളിലെ ശേഷിപ്പുകൾ പ്രദർശനത്തിൽ ശ്രദ്ധേയമായി. സാരഥി ഹെൽത്ത് ക്ലബ് പ്രദർശനം ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത ഉയർത്തിപ്പിടിച്ചു.
സിറ്റി ഗ്രൂപ് സി.ഇ.ഒ ഡോ.ധീരജ് ഭരദ്വാജ് മുഖ്യാതിഥിയായി. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും അവരെ കാത്തിരിക്കുന്ന അവസരങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. സാരഥി പ്രസിഡന്റ് അജി കെ.ആർ, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, കേന്ദ്ര വനിതാവേദി ചെയർപേഴ്സൻ പ്രീതി പ്രശാന്ത്, ട്രസ്റ്റിനെ പ്രതിനിധാനം ചെയ്ത് വിനോദ് സി എസ്, ജിതിൻ ദാസ്, സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ എന്നിവർ ആശംസകൾ അറിയിച്ചു. ഫ്യൂച്ചറോളജിയ കൺവീനർ മോബിന സിജു സ്വാഗതവും സാരഥി ട്രഷറർ ദിനു കമാൽ നന്ദിയും പറഞ്ഞു. ഹസ്സാവി സൗത്ത് യൂനിറ്റ് ഫ്യൂച്ചറോളജിയ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. മംഗഫ് വെസ്റ്റ് യൂനിറ്റ് ഫസ്റ്റ് റണ്ണറപ്പും ഹസ്സാവി ഈസ്റ്റ് യൂനിറ്റ് സെക്കന്റ് റണ്ണറപ്പും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.