ലഹരിക്കടത്തിനെതിരെ കുവൈത്തിൽ കർശന നടപടി തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നത് തടയാൻ കർശന പരിശോധനയും നടപടികളും തുടരുന്നു. ലഹരി കടത്തുന്നത് പിടികൂടുന്നതിനായി വിമാനത്താവളത്തിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പരിശോധനകൾക്ക് നേതൃത്വം നൽകുന്നുമുണ്ട്. ലഹരിക്കെതിരെ രാജ്യവ്യാപകമായി കാമ്പയിൻ നടത്താൻ സർക്കാർ നേരത്തെ തീരുമാനം എടുത്തിരുന്നു.
കഴിഞ്ഞ ദിവസം ശുവൈഖ് തുറമുഖത്തുനിന്ന് 10 ദശലക്ഷം ലിറിക്ക ഗുളികകളാണ് പിടികൂടിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിലാണ് ഗുളികകൾ പിടികൂടിയത്. രഹസ്യ വിവരത്തെതുടർന്ന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ്, കസ്റ്റംസ് അധികൃതർ എന്നിവർ ചേർന്ന് കണ്ടെയ്നറിൽ പരിശോധന നടത്തുകയായിരുന്നു.
ഫർണിച്ചറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. ഇവ ഇറക്കുമതി ചെയ്ത രണ്ടുപേരെ അറസ്റ്റുചെയ്തു. ചൈനയിൽനിന്നാണ് കണ്ടെയ്നർ എത്തിയത്.വാണിജ്യമന്ത്രി മാസൻ സാദ് അൽ നഹെദ്, ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുല്ലത്തീഫ് അൽ ബർജാസ്, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ്, ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമീദ് അൽദവാസ് എന്നിവരും മേൽനോട്ടം വഹിച്ചു.
വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽ
കുവൈത്ത് സിറ്റി: ലഹരിവസ്തുക്കളുമായി രണ്ടുപേരെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. ഒരു അറബ് വംശജൻ, ഒരു ഏഷ്യൻ സ്വദേശി എന്നിവരാണ് പിടിയിലായത്.
434 ലഹരി ഗുളികകളുമായാണ് അറബ് വംശജൻ പിടിയിലായത്. വസ്ത്രത്തിനൊപ്പം ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച അരക്കിലോ തൂക്കംവരുന്ന 10 ബാഗ് ക്രാറ്റോമുമായാണ് ഏഷ്യൻ സ്വദേശി പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.