മയക്കുമരുന്ന് കടത്തിനും ഇടപാടിനുമെതിരെ ശക്തമായ നടപടി
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുകാർക്കും ഡീലർമാർക്കുമെതിരെ ശക്തതമായ നടപടികളുമായി മുന്നാട്ടുപോകുമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹീദ് അൽ കന്ദരി. ഇക്കാര്യത്തിൽ ഉറച്ചതും വേണ്ട തയാറെടുപ്പുകളോടുംകൂടിയ പദ്ധതി മന്ത്രാലയത്തിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെയും മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെയും ശക്തമായ നിർദേശങ്ങൾ ഇക്കാര്യത്തിലുണ്ട്. മയക്കുമരുന്നിനെതിരെ പോരാടുക, യുവാക്കളെ അപകടങ്ങളിൽനിന്നും ദ്രോഹങ്ങളിൽനിന്നും സംരക്ഷിക്കുക എന്നിവ മുൻഗണനകളിൽ ഒന്നാമതാണ്. ലഹരി വിരുദ്ധ യുദ്ധത്തിൽ മന്ത്രാലയം രണ്ട് പ്രധാന കാര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്.
മയക്കുമരുന്ന് വ്യാപാരികൾക്കും കള്ളക്കടത്തുക്കാർക്കുമെതിരെ സമഗ്രമായ സുരക്ഷ പരിശോധനകൾ നടത്തി മയക്കുമരുന്ന്, മദ്യം എന്നിവയുടെ വിതരണം കുറക്കലാണ് ആദ്യത്തേത്. രണ്ടാമത്തേത് മയക്കുമരുന്നുകളുടെ പ്രാദേശിക ആവശ്യം കുറക്കുക എന്നതാണ്. മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ബോധവത്കരണവും പ്രത്യേക കാമ്പയിനുകളും ഇതിന്റെ ഭാഗമായി നടന്നുവരുന്നത് തുടരും. മയക്കുമരുന്നിന്റെ അപകടങ്ങളെ നേരിടേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ലഹരി കടത്ത്, ഇടപാട് എന്നിവ ചെറുക്കുന്നതിനും പ്രതികളെ പിടികൂടുന്നതിനും നടപടികൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പിടിയിലാകുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ, വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ച് സ്കൂളുകൾ, സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ ബോധവത്കരണ സംവിധാനം നടപ്പാക്കിവരുന്നു. കുവൈത്ത് യൂനിവേഴ്സിറ്റി, പബ്ലിക്ക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ, സ്വകാര്യ സർവകലാശാലകൾ പൊതു, സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിലായി ഏകദേശം 42 ബോധവത്കരണ പ്രഭാഷണങ്ങൾ നടന്നു. വിദ്യാലയങ്ങളിൽ 15 എക്സിബിഷനുകൾ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.