കോവിഷീൽഡ് എടുത്തവർക്ക് ആശങ്ക വേണ്ടെന്ന് വീണ്ടും എംബസി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് കുവൈത്തിലേക്ക് മടങ്ങുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ഇന്ത്യൻ എംബസി വീണ്ടും വ്യക്തമാക്കി. കുവൈത്ത് അംഗീകരിച്ച ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ തന്നെയാണ് കോവിഷീൽഡ് എന്നും വാക്സിൻ എടുത്ത പ്രവാസികൾക്ക് പ്രവേശനം അനുവദിക്കുന്ന മുറക്ക് കോവിഷീൽഡ് എടുത്തവർക്ക് കുവൈത്തിലേക്ക് വരുന്നതിനു തടസ്സമുണ്ടാകില്ലെന്നും എംബസി അറിയിച്ചു. ഇന്ത്യയിൽനിന്ന് വാക്സിൻ എടുത്തവർ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതുണ്ട്.
ഇങ്ങനെ ചെയ്യുമ്പോൾ കോവിഷീൽഡ് എന്നപേരിലുള്ള സർട്ടിഫിക്കറ്റ് അംഗീകരിക്കുമോ എന്ന ആശങ്ക നിരവധി പ്രവാസികൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംബസി കാര്യങ്ങൾ വ്യക്തമാക്കിയത്. വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയവരാണ് കുവൈത്ത് ആരോഗ്യമന്ത്രലയത്തിെൻറ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടത്. ഇതിനകം ആദ്യ ഡോസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവർക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഫൈനൽ സർട്ടിഫിക്കറ്റ് ചേർക്കാനും വെബ്സൈറ്റിൽ സൗകര്യമുണ്ട്. ഒന്ന്, രണ്ട് ഡോസുകളുടെ സർട്ടിഫിക്കറ്റുകൾ 500 കെ.ബിയിൽ കവിയാത്ത ഒറ്റ പി.ഡി.എഫ് ഫയലായാണ് അപ്ലോഡ് ചെയ്യേണ്ടത്.
കേന്ദ്രത്തിെൻറയോ സംസ്ഥാന സർക്കാറുകളുടെയോ സർട്ടിഫിക്കറ്റുകൾ ഈ രീതിയിൽ അപ്ലോഡ് ചെയ്യാം. വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കാത്തവർക്ക് അതിനുള്ള സൗകര്യം കോവിൻ പ്ലാറ്റ്ഫോമിൽ ഉണ്ടെന്നും ഒറ്റത്തവണ മാത്രമേ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കൂ എന്നതിനാൽ വിവരങ്ങൾ നൽകുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും എംബസി നിർദേശിച്ചു. വാക്സിനേഷൻ പൂർത്തിയാക്കിയ വിദേശികൾക്ക് ആഗസ്റ്റ് ഒന്നുമുതൽ പ്രവേശനം അനുവദിക്കുമെന്ന് കുവൈത്ത് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക അറിയിപ്പ് വന്നതിനു ശേഷം മാത്രം ടിക്കറ്റ് എടുത്താൽ മതിയെന്നാണ് എംബസി ശിപാർശ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.