താമസ, തൊഴിൽ നിയമ ലംഘനം: വ്യാപക പരിശോധന; 282 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിനായുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിലായി നടന്ന പരിശോധനയിൽ 282 പേർ പിടിയിലായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വ്യാജ ഗാർഹിക തൊഴിൽ ഓഫിസുകൾ നടത്തിയവരും നിയമം ലംഘിച്ച് മസാജ് സെന്റർ നടത്തിയവരും പിടിയിലായി.
ഖൈതാൻ, ഹവല്ലി, ദജീജ്, കബ്ദ്, സൽഹിയ, മഹ്ബൂല, ഫഹാഹീൽ മാർക്കറ്റ്, ഫർവാനിയ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. റിസർച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്, കൺട്രോൾ ആൻഡ് കോ ഓർഡിനേഷൻ ഡിപ്പാർട്മെന്റ്, ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് സർവിസസ് ഡിപ്പാർട്മെന്റ്, ത്രികക്ഷി സമിതി എന്നിവയെ പ്രതിനിധാനംചെയ്യുന്ന റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷനുകളുടെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് പരിശോധന നടത്തിയത്.
വീട്ടുജോലിക്കാർക്കായി പ്രവർത്തിക്കുന്ന രണ്ട് വ്യാജ ഓഫിസുകൾ, നിയമവിരുദ്ധമായി പ്രവർത്തിച്ച മസാജ് സെന്റർ എന്നിവ പരിശോധനയിൽ കണ്ടെത്തി. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്തു.നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കർശന പരിശോധന നടന്നുവരുകയാണ്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് ഇളവ് നൽകേണ്ടെന്നാണ് അധികൃതരുടെ നയം. പിടിയിലാകുന്നവരെ ഉടനടി നാടുകടത്തുന്നുണ്ട്. ഇത്തരക്കാർക്ക് ഒരിക്കലും കുവൈത്തിലേക്ക് മടങ്ങിവരാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.