ഒമാനിൽ 3,415 വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി
text_fieldsമസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം 3,415 വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി. വ്യാപാര പ്രവർത്തനങ്ങൾ നിർത്തിയതോ ലൈസൻസ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ രജിസ്ട്രേഷനുകളാണ് റദ്ദാക്കിയിരിക്കുന്നതതെന്ന് അധികൃതർ അറിയിച്ചു.
വിപണി നിയന്ത്രിക്കുന്നതിനും സജീവമായ എല്ലാ വാണിജ്യ രജിസ്ട്രേഷനുകളും നിലവിലുള്ള നിയമങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആദ്യ ഘട്ടത്തിന്റെ ഭാഗമായി 1970 മുതൽ 1999 വരെയുള്ള കാലയളവിൽ പ്രവർത്തനം നിർത്തിയതോ ലൈസൻസ് കാലഹരണപ്പെട്ടതോ ആയ കമ്പനികളുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വാണിജ്യ ഡയറക്ടർ ജനറൽ മുബാറക് ബിൻ മുഹമ്മദ് അൽ ദോഹാനി പറഞ്ഞു. റദ്ദാക്കിയ കമ്പനികളിൽ ജോയിന്റ്-സ്റ്റോക്ക് കമ്പനികളോ വ്യക്തിഗത വ്യാപാരികളോ ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാനിൽ പ്രവർത്തിക്കുന്ന ബിസിനസുമായി ബന്ധപ്പെട്ട വിവരങ്ങൾ, കണക്കുകൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവയുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും വിപണി നിയന്ത്രണത്തിനും ഈ നടപടികൾ പ്രധാനമാണ്. 2000 മുതൽ 2018 വരെ കമ്പനികളെ ഉൾപ്പെടുത്തിയുള്ള അവലോകനങ്ങളുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.
ആർട്ടിക്കിൾ 15ൽ അനുശാസിക്കുന്ന വാണിജ്യ രജിസ്റ്റർ നിയമ നമ്പർ (3/74) അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷൻ റദ്ദാക്കാനുള്ള തീരുമാനമെന്ന് ഡയറക്ടർ ജനറൽ വിശദീകരിച്ചു.
ഒരു വ്യാപാരി മരിക്കുക, ബിസിനസ് നടത്തുന്നത് അവസാനിപ്പിക്കുക, കമ്പനി ലിക്വിഡേറ്റ് ചെയ്യപ്പെടുക, ബ്രാഞ്ച് അല്ലെങ്കിൽ ഏജൻസി എന്നന്നേക്കുമായി അടക്കുക എന്നിങ്ങനെയുണ്ടെങ്കിൽ വാണിജ്യ രജിസ്റ്റർ റദ്ദാക്കണമെന്നാണ് നിയമം പറയുന്നത്. ഇങ്ങനെ സംഭിച്ചാൽ ഒരു മാസത്തിനുള്ളിൽ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷ വ്യാപാരിയോ അവരുടെ അവകാശികളോ ലിക്വിഡേറ്ററോ കമ്പനിയോ സമർപ്പിക്കണം. വാണിജ്യ രജിസ്റ്ററിന്റെ രജിസ്ട്രാർക്കും സ്വമേതാ റദ്ദാക്കാനുള്ള അവകാശമുണ്ടാകുമെന്നും നിയമത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.