പാട്ടുപാടിയും ചിത്രം വരച്ചും ഉലകംചുറ്റി ആന്‍ഡ്രൂസും വെല്ഡ്രിമയും
text_fieldsമത്ര സൂഖ് കവാടത്തില്‍ ചിത്രങ്ങള്‍ വരച്ചു നല്കുന്ന ആന്‍ഡ്രൂസും വെല്ഡ്രിമയും
മത്ര: പാട്ടുപാടിയും ചിത്രം വരച്ചും ലോക സഞ്ചാരം നടത്തുകയാണ് ഡന്മാർക്കുകാരായ ഈ യുവ സഞ്ചാരികള്‍. സുഹൃത്തുക്കളായ ആന്‍ഡ്രൂസും വെല്ഡ്രിമയും ജൂലൈയിലാണ് യാത്ര ആരംഭിച്ചത്. ജന്മനാടായ ഡന്മാര്‍ക്കില്‍നിന്നും ജര്മനിയിലേക്കാണ് ആദ്യ സഞ്ചാരം. തുടര്‍ന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങള്‍ കറങ്ങിയശേഷമാണ് ഇപ്പോള്‍ ഒമാനിലെത്തിയിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്, സ്ലോവേനിയ, സ്ലോവാക്യ, റുമേനിയ, ഹംഗറി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ആറുമാസംകൊണ്ടാണ് കറങ്ങിയടിച്ച് കണ്ടുതീര്‍ത്തത്.
ചുരുങ്ങിയ ചെലവില്‍ രാജ്യങ്ങള്‍ താണ്ടുക എന്നതാണ് ഇവരുടെ രീതി. തെരുവുകളിലും പെട്രോള്‍ പമ്പുകളിലും ടെന്റടിച്ചും അല്ലാതെയും താമസിക്കും. പഴങ്ങളും വെള്ളവുമാണ് പ്രധാന ഭക്ഷണം. ഓരോരോ ദേശത്ത് എത്തിയാല്‍ തദ്ദേശീയര്‍ സത്ക്കരിച്ച് നല്കുന്ന തനത് ഭക്ഷണങ്ങളും രുചിക്കും.
ഒമാനില്‍ വരുന്നതിനുമുമ്പ് സൗദി അറേബ്യയും ഇറാഖും സന്ദർശിച്ചിരുന്നു. ഇറാഖില്‍ കഴിഞ്ഞപ്പോള്‍ ഭക്ഷണത്തിനോ താമസത്തിനോ തീരെ ചെലവ് വന്നില്ല. അവിടത്തെ ജനങ്ങള്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ഒമാനിലെ പ്രകൃതി ഭംഗി അസാദ്യകരമാണ്. ഒമാനിലെ സ്വദേശികളും ഇവിടെ കഴിയുന്ന വിവിധ ദേശക്കാരും നല്ല സഹായ സൗഹൃദ മനസ്സുള്ളവരാണെന്ന് അനുഭവത്തിലൂടെ തെളിയുന്നതായി ഇവർ സാക്ഷ്യം പറയുന്നു.
ജനങ്ങളുടെ സമീപന രീതി മനസ്സ് കീഴടക്കിയെന്ന് ഇരുവരും പറയുന്നു. ഒമാന്റെ ഏതാണ്ട് എല്ലാ പ്രദേശങ്ങളും കറങ്ങിക്കണ്ട ശേഷം ഇന്ത്യയിലേക്കാണ് അടുത്ത യാത്ര.
കേരളത്തില്‍ പോയി സൈക്കിളില്‍ കേരളം കറങ്ങിക്കാണാനാണ് ലക്ഷ്യം വെക്കുന്നത്. കേരളത്തെപ്പറ്റി ഒരുപാട് കേട്ടറിഞ്ഞത് കണ്ടറിയാന്‍ മാനസികമായി തയാറായിക്കഴിഞ്ഞതായി ഇവർ പറയുന്നു. ശേഷം ശ്രീലങ്കയിലേക്കും നേപ്പാളിലേക്കുമൊക്കെ പോകാനുള്ള പദ്ധതിയുണ്ട്. ഇതിനുമുമ്പ് അഞ്ചുമാസം സൗത്ത് അമേരിക്കയിലേക്ക് യാത്ര നടത്തിയാണ് സഞ്ചാരങ്ങള്‍ക്ക് തുടക്കമിട്ടത്.
ലക്ഷ്യമിട്ട യാത്ര പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷമെടുക്കുമെന്നാണ് തോന്നുന്നത്. എന്തായാലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് സംസ്കാരങ്ങളും വൈവിധ്യ ജീവിത രീതികളും കണ്ട് മനസ്സിലാക്കി ലക്ഷ്യം സാക്ഷാത്ക്കരിച്ചശേഷം മാത്രമേ നാട്ടിലേക്ക് മടക്കമുള്ളൂ എന്നാണ് ഇരുവരുടെയും തീരുമാനം.
ആന്‍ഡ്രൂസ് മ്യൂസിക് രംഗത്തും വെല്ഡ്രിമ ചിത്രകലാ രംഗത്തുമാണ് ജോലി ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.