കെട്ടിട കരാർ പാലിച്ചില്ല: ഇന്ത്യൻ സ്കൂൾ ബോർഡിന് 20 കോടിയിലേറെ പിഴ; ഫീസ് വർധന ആശങ്കയിൽ രക്ഷിതാക്കൾ
text_fieldsമസ്കത്ത്: സ്കൂൾ കെട്ടിടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിർമിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥയിൽനിന്ന് പിന്മാറിയതിനെ തുടർന്ന് ഇന്ത്യൻ സ്കൂൾ ബോർഡിന് ഒമാൻ കോടതി ചുമത്തിയ ഭീമമായ പിഴ രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കുന്നു. 949,659.200 റിയാല്‍ (20 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴയടക്കാനാണ് അഞ്ച് മാസം മുമ്പ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് ഘട്ടം ഘട്ടമായി അടച്ച് തീർക്കാനാണ് ധാരണയിലെത്തിയിരിക്കുന്നത്.
ഇതിൽ ആദ്യഘട്ട തുക ഇതിനകം അടച്ചതായാണ് അറിയാൻ കഴിയുന്നത്. ബര്‍കയിൽ സ്കൂള്‍ ആരംഭിക്കുന്നതിന് 2015ലാണ് സ്കൂള്‍ ബോര്‍ഡ് ഉടമയുമായി കരാര്‍ ഒപ്പിടുന്നത്. അല്‍ ജനീന പ്രദേശത്ത് സ്കൂൾ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതായിരുന്നു കരാറിൽ ഉൾപ്പെട്ടിരുന്നത്.
ഇതനുസരിച്ച് നിർമാണ പ്രവൃത്തികളും മറ്റും പൂർത്തിയാക്കിയെങ്കിലും ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് പിന്മാറുകയായിരുന്നു. ഇതോടെ കെട്ടിട ഉടമ കോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ട നിയമ വ്യവഹാരത്തിനുശേഷമാണ് കോടതി വിധി വരുന്നത്. കേസ് ചെലവുകളും നല്‍കേണ്ടതുണ്ട്.
അതേസമയം, ഇത്രയും വലിയ തുക ബോർഡ് അടച്ച് തുടങ്ങുമ്പോൾ അതിന്റെ ഭാരം തങ്ങളുടെ മേലിൽ എത്തുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. 22 ഇന്ത്യന്‍ സ്കൂളുകളിലായി 47,000ല്‍ പരം വിദ്യാര്‍ഥികളാണ് ബോര്‍ഡിന് കീഴില്‍ പഠനം നടത്തുന്നത്.
രണ്ടും മൂന്നും കുട്ടികളുള്ള രക്ഷിതാക്കൾ മുണ്ടുമുറുെക്കയെടുത്താണ് മക്കളുടെ വിദ്യാഭ്യാസവുമായി മുന്നോട്ടുപോകുന്നത്. പിഴയടക്കുന്നതിന്റെ പേരിൽ ഫീസും മറ്റും വർധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
കോവിഡിനുശേഷം പലരുടെയും സാമ്പത്തിക നില കാര്യമായി മെച്ചപ്പെട്ടില്ലെന്നും തങ്ങളുടേതല്ലാത്ത തെറ്റിന്റെ പേരിൽ ഫീസ് വർധിപ്പിച്ചാൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും രക്ഷിതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.