കേബിൾ കാർ, റോഡ്; ടൂറിസം കുതിപ്പിനൊരുങ്ങി വകാൻ ഗ്രാമം
text_fieldsമസ്കത്ത്: രാജ്യത്തിന്റെ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മുൻനിരയിലേക്ക് കുതിക്കാനൊരുങ്ങി തെക്കൻ ബാത്തിന ഗവർണറേറ്റിലെ വകാൻ ഗ്രാമവും. ഗ്രാമാത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന കേബിൾ കാർ പ്രൊജക്ടും പുതിയ റോഡ് പദ്ധതികളും ഗവർണർ എൻജിനീയർ മസൂദ് ബിൻ സഈദ് അൽ ഹാഷിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. നഖൽ വിലായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ നിർദിഷ്ട അടിസ്ഥാന സൗകര്യ പദ്ധതികളുടെ രൂപരേഖയും നിർവഹണവും സംബന്ധിച്ചും ചർച്ച നടന്നു.
ആധുനിക അടിസ്ഥാന സൗകര്യങ്ങളും പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃക സംരക്ഷണവുമായി സംയോജിപ്പിച്ച് വകൻ വില്ലേജിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള വിവിധ സർക്കാറുകളുടെയും പ്രാദേശിക സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയാണ് ഈ നീക്കങ്ങൾ തെളിയിക്കുന്നതെന്ന് ഗവർണർ പറഞ്ഞു.
പുതിയ റൂട്ടിന്റെ ലേഔട്ടും സവിശേഷതകളും ഉൾപ്പെടെ വിശദമായ പദ്ധതികൾ റോഡ് നിർമാണത്തിന്റെ ഉത്തരവാദിത്തമുള്ള കമ്പനി അവതരിപ്പിച്ചു. വകാനിലെ പ്രകൃതിദൃശ്യങ്ങൾ പര്യവേക്ഷണം ചെയ്യാൻ സവിശേഷവും സൗകര്യപ്രദവുമായ മാർഗം വാഗ്ദാനം ചെയ്യുന്ന കേബിൾ കാർ പദ്ധതിയെ കുറിച്ചും വിശദീകരിച്ചു. ഈ രണ്ട് സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ കണക്ടിവിറ്റിയും സന്ദർശക അനുഭവം മെച്ചപ്പെടുത്താനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. തെക്കൻ ബാത്തിന ഗവർണറേറ്റ്, ഭവന, നഗരാസൂത്രണ മന്ത്രാലയം, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം, പൈതൃക, ടൂറിസം മന്ത്രാലയം, നഖൽ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, പദ്ധതി നടപ്പാക്കുന്ന കമ്പനി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
വകാൻ ഗ്രാമത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. 32,000 വിനോദ സഞ്ചാരികളാണ് 2023ൽ ഇവിടെയെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 2,000 മീറ്റർ ഉയരത്തിൽ, പടിഞ്ഞാറൻ ഹജർ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന വകാൻ ഗ്രാമം മസ്കത്തിൽനിന്ന് 150 കി.മീ അകലെയാണ്. മിതമായ വേനൽക്കാലവും കുറഞ്ഞ ശൈത്യകാല താപനിലയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.
മുന്തിരി, മാതളനാരങ്ങ, ഈന്തപ്പന, പൂക്കൾ, നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്ന പർവതസസ്യങ്ങൾ എന്നിവയും ഗ്രാമത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. വാദി മിസ്റ്റലിൽ സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിലാണ് വകാൻ ഗ്രാമം. ദാഖിലിയ ഗവർണറേറ്റിന്റെ അതിർത്തിയിലാണ് വകാൻ സ്ഥിതി ചെയ്യുന്നതെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖലിന്റെ ഭാഗമാണ്. വകാന് പുറമെ അൽ ഖുറ, അൽ ഹജ്ജാർ, മിസ്ഫത്ത് അൽ ഖുറ, അൽ ഷിസ്, അൽ അഖർ, ഹദ്ദിഷ്, അൽ ഖദാദ്, അൽ ഖദ്ര, അർദ് അൽ ഷാവ, അൽ മിസ്ഫത്ത്, അൽ ദാഹിറ എന്നീഗ്രാമങ്ങളാണ് വാദി മിത്തലിൽ ഉൾപ്പെടുന്നത്. പച്ചയിൽ പുതഞ്ഞിരിക്കുന്ന പ്രദേശങ്ങൾ സഞ്ചാരികളുടെ മനം കവരുന്നതാണ്.
ആപ്രിക്കോട്ടും പീച്ചും പൂത്തുലഞ്ഞ് സീസൺ ആരംഭിക്കുന്നതോടെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖൽ വിലായത്തിലെ വാദി മിസ്റ്റലിലെ വകാനിലേക്ക് സഞ്ചാരികളൊഴുകും. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് വന്നെത്താറുള്ളത്. ജനുവരിയുടെ തുടക്കത്തിൽ ഇവ രണ്ടും പൂവിട്ട് തുടങ്ങും. പഴങ്ങളുടെ വിളവെടുപ്പ് കാലമായ മേയ് പകുതി മുതൽ ആഗസ്റ്റ് അവസാനം വരെയാണ് വകാൻ സന്ദർശിക്കാൻ അനുയോജ്യമായ സമയം.
സുൽത്താനേറ്റിലെ ആപ്രിക്കോട്ടും പീച്ചും വളരുന്ന ചുരുക്കം ചില പ്രദേശങ്ങളിലൊന്നാണ് വകാൻ. ഈ പഴങ്ങൾ നടുന്നതിന് ഉയർന്ന പ്രദേശവും തണുത്ത കാലാവസ്ഥയും ആവശ്യമാണ്. രണ്ടും ഒത്തിണങ്ങിയ പ്രദേശമാണിത്. അത്തരം കാലാവസ്ഥ കർഷകർക്ക് മികച്ച വിളവ് നേടാനും അത് വാണിജ്യപരമായി നേട്ടങ്ങൾ കൊയ്യാനും സാധിക്കും. ഉയർന്ന ഡിമാൻഡ് കാരണം കർഷകർക്ക് മികച്ച വരുമാന മാർഗമാണ് ആപ്രിക്കോട്ട്. രാസപദാർഥങ്ങൾ ഒന്നും ചേർക്കാതെ വളരുന്ന ആപ്രിക്കോട്ട് വിളകൾക്ക് പേരുകേട്ടതാണ് ഈ ചെറിയ ഗ്രാമം.
ഏപ്രിൽ പകുതിയോടെയാണ് പാകമാകാൻ തുടങ്ങുക. വിളവെടുപ്പ് ഒരു മാസം മുതൽ ഒന്നരമാസം വരെ തുടരും. പ്രാദേശിക കർഷകർ തങ്ങളുടെ വിളകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് അല്ലെങ്കിൽ സൂഖ് നഖിലും സമീപത്തെ മാർക്കറ്റുകളിലും ഇവ വിൽക്കും. നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ടെങ്കിലും ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. മിക്ക പ്രധാന റോഡുകളിലൂടെയും യാത്ര സുഗമമാണെങ്കിലും പാർക്കിങ് സൗകര്യങ്ങൾ പരിമിതമാണ്.
മലയിലേക്കുള്ള കയറ്റം വളരെ ദുർഘടം പിടിച്ചതാണ് അതുകൊണ്ടുതന്നെ ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിൽ എത്തുന്നതായിരിക്കും നല്ലത്.സുൽത്താന്റെ പുതിയ നിർദേശത്തോടെ ഗ്രാമത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തി മുൻനിര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാകാനാണ് വകാൻ ഒരുങ്ങുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ നവീകരണം, ടൂറിസത്തിനും സാഹസിക പ്രവർത്തനങ്ങൾക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയവയടക്കമുള്ള വികസന പ്രവർത്തനങ്ങളായിരിക്കും ഇവിടെ നടത്തുക. ഇതോടെ വർഷം മുഴുവനും വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാക്കി മാറ്റുകയാണ് ലക്ഷ്യം വെക്കുന്നത്. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ഒമാന്റെ 2040 കാഴ്ചപ്പാടിന് അനുസൃതമായുള്ളതാണ് ഈ വികസനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.