വിദേശി റിക്രൂട്ട്മെന്‍റ് ഫീസുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റം
text_fieldsമസ്കത്ത്: ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനും, നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള ലൈസൻസ് ഫീസിൽ കുറവ് നൽകുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ തൊഴിൽ മന്ത്രാലയം മാറ്റം വരുത്തി.
മുഴുവൻ സമയവും തൊഴിലുടമയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. തൊഴിലുടമക്ക് സംരംഭകത്വ കാർഡ് ഉണ്ടായിരിക്കുകയും ചെറുകിട-ഇടത്തരം വ്യവസായ വികസന പൊതുഅതോറിറ്റിയിലും സോഷ്യൽ ഇൻഷുറൻസ് പൊതുഅതോറിറ്റിയിലും രജിസ്റ്റർ ചെയ്തിരിക്കണം. ജോലിയിൽ നിന്ന് വിരമിച്ചവർക്ക് സംരംഭകത്വ കാർഡ് മാത്രം മതി. ഇവർ സോഷ്യൽ ഇൻഷുറൻസ് പൊതുഅതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നില്ല. ഒരു സ്ഥാപനത്തിന് മാത്രമാണ് ആനുകൂല്യം ലഭിക്കുക. ആറു മുതൽ പത്തു വരെ ജീവനക്കാരുള്ള സ്ഥാപനമാണെങ്കിൽ അതിൽ ഒരു സ്വദേശി ജീവനക്കാരനെങ്കിലും ഉണ്ടായിരിക്കണം. നേരത്തേയുള്ള നിയമപ്രകാരം വിരമിച്ചവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇതോടൊപ്പം തൊഴിലുടമകൾക്ക് പ്രായപരിധിയും നിശ്ചയിച്ചിരുന്നു.
നിബന്ധനകൾ പാലിക്കുന്ന എസ്.എം.ഇകൾക്ക് പുതിയ റിക്രൂട്ട്മെന്‍റ് ലൈസൻസിനും നിലവിലുള്ളവ പുതുക്കുന്നതിനും 301 റിയാലാണ് ഫീസ് നൽകേണ്ടത്. ഒന്ന് മുതൽ മൂന്ന് വരെ വീട്ടുജോലിക്കാരെയോ സ്കിൽഡ് ജീവനക്കാരെയോ റിക്രൂട്ട് ചെയ്യാൻ 141 റിയാൽ വീതവും നാലും അതിന് മുകളിലുള്ളവരെ റിക്രൂട്ട് ചെയ്യാൻ 241 റിയാൽ വീതവും നൽകണം. ജീവനക്കാരുടെ വിവരങ്ങളിൽ മാറ്റം വരുത്താനും തൊഴിലുടമയെ മാറ്റാനും അഞ്ച് റിയാലും ഫീസ് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.