പ്രവാസി ഡിവിഡൻറ് പദ്ധതി
text_fieldsമസ്കത്ത്: പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിനും പ്രവാസി നിക്ഷേപങ്ങള്‍ ജന്മനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച നൂതന ദീര്‍ഘകാല നിക്ഷേപപദ്ധതിയാണ് പ്രവാസി ഡിവിഡൻറ് പദ്ധതി. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പു നല്കുന്ന ഈ പദ്ധതിക്ക് വന്‍ സ്വീകരണമാണ് പ്രവാസികള്‍ നല്‍കിയത്. മൂന്ന് ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം ഡിവിഡൻറ് ലഭിക്കുന്നു. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡൻറിന്റെ നികുതി കഴിച്ചുള്ള തുക നിക്ഷേപ തുകയോട് കൂട്ടിച്ചേര്‍ക്കും. നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡൻറ് ലഭിച്ചു തുടങ്ങും. നിക്ഷേപകന് നിക്ഷേപ തുക പിൻവലിക്കാൻ കഴിയില്ല എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
നിക്ഷേപകരുടെ കാലശേഷം പങ്കാളിക്ക് ഡിവിഡൻറ് ലഭ്യമാകും. പങ്കാളിയുടെ കാലശേഷം നോമിനിക്ക് നിക്ഷേപ തുകയോടൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ട ആദ്യ മൂന്ന് വര്‍ഷങ്ങളിലെ ഡിവിഡൻറ് സഹിതം നിക്ഷേപ തുക തിരികെ നല്‍കും. 2019 ഡിസംബര്‍ 14ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. പ്രവാസി ഡിവിഡൻറ് പദ്ധതിയില്‍ ഇതിനകം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും തിരിച്ചുവന്ന പ്രവാസികളും നിക്ഷേപം നടത്തിയിട്ടുണ്ട്. വളരെ ചെറിയകാലയളവിനുള്ളില്‍ 250 കോടിയില്‍ പരം രൂപ പ്രവാസി ഡിവിഡൻറ് പദ്ധതിയില്‍ പ്രവാസികള്‍ നിക്ഷേപിച്ചു. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാലത്തും നാടിന്റെ വികസനത്തിന് പ്രവാസികള്‍ പദ്ധതിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് ഈ നേട്ടം. പ്രവാസികള്‍ക്ക് സാമ്പത്തിക പരിരക്ഷയോടൊപ്പം സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഈ പദ്ധതി ഇത്തരത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തേതാണ്. പദ്ധതിയിലേക്കുള്ള നിക്ഷേപം www.pravasikerala.org എന്ന വെബ്സൈറ്റുവഴി ഓണ്‍ലൈനായി നടത്താം. നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി തന്നെ ലഭിക്കും.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.