ആദ്യ ഗ്രീൻ ഹൈഡ്രജൻ പദ്ധതി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും
text_fieldsമസ്കത്ത്: രണ്ടുഘട്ടമായി ഒമാനിൽ പ്രവർത്തിപ്പിക്കുന്ന വൻ ഗ്രീൻ ഹൈഡ്രജൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പദ്ധതിയുടെ രണ്ട് ഘട്ടങ്ങൾക്കുമായി ആറുമുതൽ ഏഴുവരെ ശതകോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-നോർവീജിയൻ സംയുക്ത സംരംഭമാണ് ഒമാനിലെ പദ്ധതി വികസിപ്പിക്കുന്നത്. അൽ വുസ്ത ഗവർണറേറ്റിലെ ദുകമിലാണ് പദ്ധതി ആരംഭിക്കുക. ഇന്ത്യ, ബ്രിട്ടൻ സംയുക്ത സംരംഭമായ ഗ്രീൻ ഹൈഡ്രജൻ ആൻഡ് കെമിക്കൽ കമ്പനി, നോർവേ കേന്ദ്രമായ എ.സി.എം.ഇ എന്നീ കമ്പനികൾ സ്പെഷൽ ഇക്കണോമിക് സോൺ ആൻഡ് ഫ്രീ സോൺ പൊതു അതോറിറ്റിയുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ഒന്നാംഘട്ട ഹൈഡ്രജൻ, അമോണിയ പദ്ധതിയുടെ നിർമാണത്തിനാണ് കരാർ ഒപ്പുവെച്ചത്.
12 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഒന്നാം ഘട്ടം നിർമിക്കുക. ഇത് പൂർത്തിയാവുന്നതോടെ വർഷം തോറും ഒരു ലക്ഷം മെട്രിക് ടൺ ഗ്രീൻ അമോണിയ ഉൽപാദിപ്പിക്കാനാവും. എന്നാൽ, രണ്ടാം ഘട്ടം പൂർത്തിയാവുന്നതോടെ ഉൽപാദനം 12 മടങ്ങ് വർധിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതോടെ പ്രതിവർഷം ഉൽപാദനം 1.2 ദശലക്ഷം മെട്രിക് ടണ്ണായി ഉയരും. ഇപ്പോൾ ഒന്നാം ഘട്ട പദ്ധതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാൽ, രണ്ടാം ഘട്ട പദ്ധതിയും മുന്നിൽകാണുന്നുണ്ട്. ഒന്നാം ഘട്ടത്തിൽ 300 ടൺ ഹൈഡ്രജൻ ഉൽപാദിപ്പിക്കാനാവും. ദുകം ഫ്രീസോണിൽ ഇതിനാവശ്യമായി ഭൂമി തയാറായിക്കഴിഞ്ഞതായും ബന്ധപ്പെട്ടവർ അറിയിച്ചു. ഉപകരണങ്ങൾ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പദ്ധതിക്കാവശ്യമായ ജല ശുദ്ധീകരണ പദ്ധതിയും അമോണിയ നിർമാണത്തിനാവശ്യമായ നൈട്രജൻ ഉൽപാദന പദ്ധതിയും ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.