'ഹാർമോണിയസ് കേരള'യുടെ കൊടിയേറ്റത്തിന് നാളെ രാജ് കലേഷ് എത്തുന്നു
text_fieldsമസ്കത്ത്: പ്രമുഖ അവതാരകൻ രാജ് കലേഷ് മസ്കത്തിലെ മലയാളികളെ ക്ഷണിക്കുകയാണ്-'വെൽകം ടു ലുലു, നൈസ് ടു മീറ്റ് യു'. മാനവികതയുടെയും ഐക്യബോധത്തിന്റെയും ആരവമുയർത്തുന്ന ഗൾഫ് മാധ്യമം 'ഹാർമോണിയസ് കേരള'യുടെ മൂന്നാം എഡിഷന്റെ കൊടിയേറ്റത്തിനായാണ് ഈ ക്ഷണം. ഒത്തൊരുമയുടെ ഉത്സവത്തിന്റെ വരവറിയിച്ചുള്ള ആഘോഷ പരിപാടികൾക്ക് നാളെ ലുലുവിൽ തുടക്കം കുറിക്കാനാണ് രാജ് കലേഷ് എത്തുന്നത്. ചിരിയും ചിന്തയുമുണർത്തുന്ന കളികളും കാര്യങ്ങളുമായി രാജ് കലേഷ് രണ്ടുനാൾ മസ്കത്തിലുണ്ടാകും.
16ന് വൈകീട്ട് ആറുമുതൽ രാത്രി ഒമ്പതുവരെ ബൗഷർ ലുലുവിലാണ് 'ഹാർമോണിയസ് കേരള'യുടെ റോഡ് ഷോകളുടെ തുടക്കം. 17ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 11.30 വരെ ദാർസൈത് ലുലുവിലും വൈകീട്ട് ആറുമുതൽ രാത്രി ഒമ്പതുവരെ റൂവി ലുലുവിലും രാജ് കലേഷ് അരങ്ങുതകർക്കും. രസകരമായ മത്സരങ്ങളും കൈനിറയെ സമ്മാനങ്ങളുമാണ് ഇതിന്റെ ഭാഗമായി സന്ദർശകർക്ക് ഒരുക്കിയിരിക്കുന്നത്. 16ന് രാത്രി ഏഴിന് അവന്യൂസ് മാളിലെ സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിലും രാജ് കലേഷ് 'ഹാർമോണിയസ് കേരള'യുടെ വിളംബരവുമായെത്തും. 17ന് വൈകീട്ട് അഞ്ചിന് മത്ര സൂഖിലെ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിലും രാജ് കലേഷിന്റെ നേതൃത്വത്തിൽ 'ഹാർമോണിയസ് കേരള'യുടെ റോഡ് ഷോ അരങ്ങേറും.
ഡിസംബർ 30ന് മസ്കത്ത് ഖുറമിലെ സിറ്റി ആംഫി തിയറ്ററിലാണ് മലയാളികളുടെ ഉദാത്തമായ കൂട്ടായ്മയുടെ മാതൃകക്ക് ആഘോഷത്തിന്റെ നിറം പകരുന്ന 'ഹാർമോണിയസ് കേരള' നടക്കുന്നത്.നൂർ ഗസൽ, ലുലു ഹൈപ്പർ മാർക്കറ്റ്, സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി, ബദർ അൽ സമ ഹോസ്പിറ്റൽ എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.വിശ്വമാനവികതയുടെ ഉത്സവവുമായി പ്രവാസി മലയാളികളുടെ കണ്ണാടിയായ 'ഗൾഫ് മാധ്യമം' വീണ്ടും ഒമാന്റെ മണ്ണിലെത്തുന്നത് കൂടുതൽ പുതുമകളോടെയാണ്.
കോവിഡ് മഹാമാരിക്കുശേഷം മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലാകുന്ന ഈ സംഗീത-കലാവിരുന്നിന് ആവേശം പകർന്ന് മലയാള മണ്ണിലെ എണ്ണം പറഞ്ഞ കലാകാരന്മാരാണ് അരങ്ങിൽ അണിനിരക്കുക. നടൻ കുഞ്ചാക്കോ ബോബൻ, സംവിധായകൻ കമൽ എന്നിവർക്കൊപ്പം ഗായകരായ സുദീപ് കുമാർ, നിത്യ മാമൻ, അക്ബർ ഖാൻ, യുംന അജിൻ, ജാസിം, ചിത്ര അരുൺ, വയലിനിസ്റ്റും ഗ്രാമി അവാർഡ് ജേതാവുമായ മനോജ് ജോർജ്, നടനും നർത്തകനുമായ റംസാൻ, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ എന്നിവരും ആംഫി തിയറ്ററിനെ കലാവിരുന്നിന്റെ പൂരപ്പറമ്പാക്കും.നടൻ മിഥുൻ രമേശാണ് പരിപാടിയുടെ അവതാരകൻ. ടിക്കറ്റുകൾക്ക്-+968 92369485, +968 95629600.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.