ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രവർത്തന,അംഗത്വ വിതരണ ഉദ്ഘാടനം
text_fieldsമസ്കത്ത്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ 2024 - 25 വർഷത്തെ പ്രവർത്തനങ്ങളുടെയും അംഗത്വ വിതരണത്തിന്റെയും ഉദ്ഘാടനം നടന്നു. റുവി സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനാനന്തരം നടന്ന ചടങ്ങില്‍ സഭയുടെ തുമ്പമൺ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ചാണ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടർന്ന് ഈ വര്‍ഷത്തെ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം ജാബ്സൺ വർഗീസിന് നല്കി തിരുമേനി നിര്വ്ഹിച്ചു.
മഹാ ഇടവക കോംപ്ലക്സില്‍ നടന്ന പൊതു സമ്മേളനത്തിൽ ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘റിയല്‍ ടോക് വിത്ത് തിരുമേനി’ എന്ന പരിപാടിയില്‍ സഭയുടെ ആനുകാലിക വിഷയങ്ങളും ആരാധാനാനുഷ്ടാനങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് തിരുമേനി മറുപടി നല്കി. ആധ്യാത്മികതയിലധിഷ്ടിതമായ ജീവിതശൈലി പുതിയ കാലഘട്ടത്തില്‍ യുവജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാന്‍ സഹായകരമാകുമെന്ന് ഡോ . സെറാഫിം തിരുമേനി ചടങ്ങിൽ ഓർമിപ്പിച്ചു.
അസോസിയേറ്റ് വികാരി ഫാ.എബി ചാക്കോ പ്രാരംഭ പ്രാർഥന നടത്തി. ഇടവക സെക്രട്ടറി സാം ഫിലിപ്പ് ആശംസകൾ നേര്‍ന്നു. സഭാ മാനേജിങ് കമ്മിറ്റി അംഗം എബ്രഹാം മാത്യു, ഇടവക ട്രസ്റ്റി ടി.കെ. ബിജു, കോ-ട്രസ്റ്റി ബിനിൽ കെ. എസ്, യുവജന പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി റ്റിജോ തോമസ്, ട്രഷറർ നെബി തോമസ് എന്നിവർ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് ബെൻസൺ സ്കറിയ സ്വാഗതവും സെക്രട്ടറി അജു തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.