ലുലുവിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കം
text_fieldsമസ്കത്ത്: ഒമാനിൽ ഇന്ത്യയുടെ വൈവിധ്യപൂർണമായ സംസ്കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്തുന്നതിനായി ലുലുവിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി. ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ലുലുവിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. ബൗഷറിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി ഒന്നുവരെ സുൽത്താനേറ്റിലെ തിരഞ്ഞെടുത്ത ലുലു ഔട്ട്ലെറ്റുകളിൽ ഫെസ്റ്റിവൽ നടക്കും.
ഇന്ത്യയുടെ സംസ്കാരം, പാചകരീതികൾ, ജീവിതശൈലി, ഫാഷൻ, ഭക്ഷണപാനീയങ്ങൾ തുടങ്ങിയവ അടുത്തറിയാനുള്ള മികച്ച അവസരമായി ‘ഇന്ത്യ ഉത്സവ്’ മാറും. പരിപാടിയുടെ ഭാഗമായി മികച്ച ഓഫറുകൾ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇന്ത്യൻ കരകൗശല വസ്തുക്കൾ, ഖാദി ഉൽപന്നങ്ങൾ, പ്രാദേശിക പാചകരീതികൾ, ലഘുഭക്ഷണങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക സ്റ്റാളുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു ഹൈപ്പർ മാർക്കറ്റ് നടപ്പാക്കിയ ‘ഇന്ത്യ ഉത്സവ്’ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പറഞ്ഞു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ എപ്പോഴും നല്ല സ്വീകാര്യതയാണുള്ളത്.
ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ഇന്ത്യൻ വിപണിയിൽനിന്നുള്ള പുത്തൻ ഉൽപന്നങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ലുലു ഒരുക്കിയിരിക്കുന്നത്. ഒമാനിലെ ലുലുവിന്റെ ഭാവിപദ്ധതികൾക്കും പ്രോജക്ടുകൾക്കും ആശംസകൾ നേരുകയാണെന്നും അംബാസഡൾ പറഞ്ഞു. ഒമാനും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ മികച്ച തെളിവാണ് ‘ഇന്ത്യ ഉത്സവെ’ന്ന് ലുലു ഹൈപ്പർ മാർക്കറ്റ്സ് ഒമാൻ ആൻഡ് ഇന്ത്യ ഡയറക്ടർ എ.വി. അനന്ത് പറഞ്ഞു.
ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ ബന്ധത്തിന് ഈ പരിപാടി അടിത്തറയിടുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിൽനിന്നുള്ള ആളുകൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക ബന്ധങ്ങളും പാരമ്പര്യങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ‘ഇന്ത്യ ഉത്സവ്’ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു ഹൈപ്പർ മാർക്കറ്റ്സ് ഒമാൻ റീജനൽ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച അനുഭവവും ആനന്ദവും പകരുന്നതായിരിക്കും ഫെസ്റ്റിവൽ. ഇന്ത്യൻ പാചക അനുഭവങ്ങൾക്കൊപ്പം വിനോദപരിപാടികളും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ഗിഫ്റ്റ് സെറ്റുകൾ, പരമ്പരാഗത മധുരപലഹാരങ്ങൾ, അവശ്യവസ്തുക്കൾ തുടങ്ങിയവ സീസണിലുടനീളം ലഭ്യമാകും. ഉത്സവത്തിന്റെ ഭാഗമായി സാംസ്കാരിക പരിപാടികളും കലാപരിപാടികളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.