വാക്സിനെടുക്കാൻ നെട്ടോട്ടം; പലയിടത്തും നീണ്ട ക്യൂ
text_fieldsവി.കെ ഷഫീർ
മസ്കത്ത്: സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും മാളുകളിലും പ്രവേശിക്കാൻ ഒറ്റ ഡോസ് വാക്സിനേഷൻ നിർബന്ധമാക്കിയതോടെ വാക്സിനെടുക്കാത്തവർ നെട്ടോട്ടത്തിൽ. താഴ്ന്ന വരുമാനക്കാരായ നിർമാണമേഖലയിൽ അടക്കം പ്രവർത്തിക്കുന്ന സാധാരണക്കാരായ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽനിന്നുള്ളവരാണ് വാക്സിനെടുക്കാത്തവരിൽ കൂടുതലും. വാക്സിൻ എടുക്കാൻ വിമുഖത കാണിച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടെങ്കിലും ഭൂരിഭാഗം പേരും പണം നൽകാൻ ഇല്ലാത്തതിനാൽ സൗജന്യ വാക്സിനായി കാത്തുനിൽക്കുകയായിരുന്നു.
എന്നാൽ, പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വന്നതോടെ ഇവർ സ്വയം പണം മുടക്കി വാക്സിനെടുക്കാൻ തീരുമാനിക്കുകയായിരുന്നു. വാക്സിൻ നൽകുന്ന സ്വകാര്യ ക്ലിനിക്കുകൾക്കും മറ്റും മുന്നിൽ ബുധനാഴ്ചയും വ്യാഴാഴ്ചയുമെല്ലാം അറ്റം കാണാനാകാത്തവിധമുള്ള ക്യൂവാണ് രൂപപ്പെട്ടത്. രാവിലെ എട്ടു മണിക്ക് തുറക്കുന്ന ക്ലിനിക്കുകളിൽ പുലർച്ചെ അഞ്ചു മണിക്കേ നീണ്ട ക്യൂ രൂപപ്പെടുകയാണ്. അതിനിടെ പലയിടത്തും വാക്സിനുകൾ കിട്ടാനില്ലെന്ന് റിപ്പോർട്ടുകളുണ്ട്. വാക്സിൻ സ്റ്റോക് പരിമിതമാണെന്ന രീതിയിൽ പരക്കുന്ന വാട്സ്ആപ് സന്ദേശങ്ങളും മണിക്കൂറുകൾ ക്യൂനിൽക്കുന്നവരെ അസ്വസ്ഥരാക്കുന്നു.
ദിവസവേതനത്തിന് ജോലിചെയ്യുന്ന എ.സി മെക്കാനിക്കുകൾ, പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ തുടങ്ങിയവരാണ് വാക്സിൻ സ്വീകരിക്കാത്തവരിൽ പലരും. ഇവർക്ക് മിക്കവാറും കമ്പനികളിലോ അതല്ല ഉപകരാർ അടിസ്ഥാനത്തിൽ സർക്കാർ സ്വകാര്യ ഓഫിസുകളിലോ ഷോപ്പിങ് മാളുകളിലോ ആയിരിക്കും ജോലി. ഇവിടെയെല്ലാം പ്രവേശിക്കാൻ വാക്സിൻ നിർബന്ധം ആണ്.
വാക്സിൻ എടുത്തില്ലെങ്കിൽ ജോലിതന്നെ ചെയ്യാനാകാത്ത അവസ്ഥയാണെന്ന് പാകിസ്താൻ സ്വദേശി ജാവേദ് പറഞ്ഞു. ഹംരിയയിലെ സ്വകാര്യ ക്ലിനിക്കിന് മുന്നിൽ പുലർച്ചെതന്നെ വാക്സിൻ എടുക്കാനുള്ള ക്യൂവിൽ സ്ഥാനം പിടിക്കാൻ വന്നതായിരുന്നു ജാവേദ്. സൗജന്യമായി വാക്സിൻ ലഭിക്കുമെന്നാണ് കരുതിയത്. ഇനിയും കാത്തിരുന്നാൽ ജോലിതന്നെ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് ആന്ധ്ര സ്വദേശി ശരവണൻ പറഞ്ഞത്. ബുധനാഴ്ച വാക്സിനെടുക്കാൻ വന്നെങ്കിലും ലഭിച്ചില്ലെന്ന് ബംഗ്ലാദേശ് സ്വദേശി ജമാൽ പറയുന്നു. ഇന്നും ജോലിക്ക് പോകാതെ വാക്സിനെടുക്കാൻ വന്നു. ദിവസക്കൂലിക്കാണ് ജോലി ചെയുന്നത്. പണം നൽകിയാലും വാക്സിൻ ലഭിച്ചാൽ മതിയായിരുന്നെന്ന് ജമാൻ പറയുന്നു. നഗരത്തിലെ നാനാഭാഗത്തും ഇങ്ങനെ വാക്സിൻ എടുക്കാൻ വന്നവരുടെ തിരക്കാണ്.
മണിക്കൂറുകളോളം കാത്തുനിന്നാലും വാക്സിൻ കിട്ടുമോ എന്നുറപ്പില്ല. അതേസമയം, ഒക്ടോബർ 15ന് ശേഷം രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും സർക്കാർ ഓഫിസുകളിലും പൊതുസ്ഥലങ്ങളിലുമടക്കം പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.