മത്ര സൂഖിലൂടെ ശക്തമായ വാദി രൂപപ്പെട്ടു
text_fieldsമസ്കത്ത്: നഗരത്തിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലും രണ്ടാംദിവസവും ശക്തമായ മഴ. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ശക്തമായ കാറ്റിെൻറയും ഇടിയുടെയും അകമ്പടിയോടെ മഴ ഇരച്ചെത്തിയത്. മഴയെ തുടര്‍ന്ന് മത്ര സൂഖിലൂടെ ശക്തമായ വാദി രൂപപ്പെട്ടു.എല്ലാ ഇടവഴികളിലൂടെയും ശക്തമായ നീരൊഴുക്കുമുണ്ടായി. മണിക്കൂറുകള്‍ നീണ്ട മഴയും വാദിയും മൂലം താഴ്ന്ന ഭാഗങ്ങളിലുള്ള കടകളില്‍ വെള്ളം കയറി. സാധനങ്ങള്‍ ഉയരമുള്ള ഭാഗങ്ങളിലേക്കും ഗോഡൗണുകളിലേക്കും മാറ്റിയതിനാല്‍ കാര്യമായ നാശം ഉണ്ടായില്ല. ഇരുമ്പ് ബാരിക്കേഡുകള്‍ സ്ഥാപിച്ചും വിള്ളലുകളില്‍ ഫോം അടിച്ചു കയറ്റിയും വെള്ളം കയറുന്നത് തടഞ്ഞു നിർത്തിയിരിക്കയാണ് പലരും. നീണ്ട ഇടവേളക്ക് ശേഷമാണ് മത്രയില്‍ ഇത്രയും ശക്തമായ മഴ.
വാരാന്ത്യ ഒഴിവുദിനമായതിനാല്‍ പെരുന്നാള്‍ ഒരുക്കങ്ങള്‍ക്കുമായി സ്വദേശികള്‍ വ്യാപകമായി സൂഖിലെത്തിയ ദിവസമായിരുന്നു. നല്ല രീതിയിൽ കച്ചവടം പുരോഗമിക്കുേമ്പാഴേക്കും മഴയെത്തി.സായാഹ്ന ലോക്ഡൗണ്‍ കാരണം വൈകീട്ട് അഞ്ചുവരെ മാത്രമെ വെള്ളിയാഴ്ച മുതൽ തുറന്ന് പ്രവര്‍ത്തിക്കാനാവൂ എന്നതിനാല്‍ പരമാവധി പെരുന്നാള്‍ ബിസിനസ് സമാഹരിക്കാമെന്ന കണക്കുകൂട്ടലുകളാണ് ഓര്‍ക്കാപ്പുറത്തെത്തിയ മഴ തെറ്റിച്ചത്. മഴയും വാദിയും ശക്തമായതോടെ സൂഖിലെ എല്ലാ കടകളും ധിറുതിയില്‍ പൂട്ടേണ്ടി വന്നു. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം മുതല്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സീസൺ കച്ചവടം ചെറിയ തോതിലെങ്കിലും നികത്താമെന്ന പ്രതീക്ഷയും മഴമൂലം അസ്തമിച്ചു. ന്യൂനമർദം മൂലം മഴ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാവിലെ പെയ്ത മഴയോടെ ഭീഷണി അവസാനിച്ചു കാണുമെന്നാണ് മിക്കവരും കരുതിയിരുന്നത്.
എന്നാല്‍ വെള്ളിയാഴ്ച ഉച്ചക്കുണ്ടായ കനത്ത മഴ സകല പ്രതീക്ഷകളെയുംം തച്ചുകെടുത്തിയ പോലെയായി. പെരുന്നാളിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാല്‍ നിര്‍ണായകമായ ഒരു ദിവസമാണ് മഴ എടുത്തതെന്ന് വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.