മഴക്കെടുതി: സൂർ കരകയറുന്നു ജലവിതരണം പുനഃസ്ഥാപിച്ചു
text_fieldsമസ്കത്ത്: ഒരാഴ്ചമുമ്പ് തകർത്തുപെയ്ത മഴവിതച്ച കെടുതികളിൽനിന്ന് സൂർ കര കയറുന്നു. ബഹുഭൂരിപക്ഷം പ്രദേശങ്ങളിൽനിന്നും വെള്ളമിറങ്ങി. ബിലാദ് അടക്കം താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം കയറിക്കിടക്കുന്ന വീടുകളുണ്ട്. ഇവിടെയെല്ലാം വെള്ളം വറ്റിക്കുന്നതിനൊപ്പം ചളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും തുടരുകയാണ്. തകരാറിലായിരുന്ന ജലവിതരണ സംവിധാനം യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിച്ചു. ദുരിതനിവാരണ പ്രവർത്തനങ്ങളിൽ സൈന്യത്തിെൻറയും പങ്കാളിത്തമുണ്ട്.
കനത്ത മഴയിൽ സൂർ നഗരത്തിലടക്കം വെള്ളം കയറി വീടുകൾക്ക് നാശനഷ്ടമുണ്ടായതിനൊപ്പം വെള്ളത്തിൽ മുങ്ങി നിരവധി വാഹനങ്ങൾ തകരാറിലായിട്ടുമുണ്ട്. മഴയിൽ വീട് തകരുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ദുരിതനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സൂറിൽ സമ്പൂർണ ലോക്ഡൗണിൽ ഇന്നും ഇളവ് നൽകിയിട്ടുണ്ട്. രാജ്യം സമ്പൂർണ ലോക്ഡൗണിലായ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ സൂർ വിലായത്തിൽ മാത്രമാണ് ഇളവ് നിലവിലുള്ളത്. ഭക്ഷ്യോൽപന്ന കടകൾ, റസ്റ്റാറന്റുകൾ, ബേക്കറി, ബിൽഡിങ് മെറ്റീരിയൽ കടകൾ, വൈദ്യുതി-സാനിറ്ററി ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ, കാലിത്തീറ്റ കടകൾ എന്നിവക്ക് പ്രവർത്തിക്കാം. രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവർത്തനാനുമതി. ഈസമയം ആളുകൾക്ക് യാത്രാനുമതിയും ഉണ്ടാകും.
അതിനിടെ, വെള്ളിയാഴ്ച ഒഴുക്കിൽപെട്ട് കാണാതായ സ്വദേശി വനിതയുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തി. മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളത്. ഇയാൾക്കായുള്ള തിരച്ചിൽ സൂർ അണക്കെട്ടിന് പുറത്തേക്കുള്ള താഴ്വരയിലേക്കും വ്യാപിപ്പിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.