രാജ്യത്തെ ആരോഗ്യ മേഖല ശക്തം –മന്ത്രി ഡോ. അൽ സഇൗദി
text_fieldsമസ്കത്ത്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും രാജ്യത്തെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലെ പരിചരണം ആവശ്യമുള്ളവർക്ക് നിഷേധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. ഭാവിയിലും ആവശ്യമുള്ളവർക്കെല്ലാം ആരോഗ്യ പരിരക്ഷ നൽകാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും 50 േദശീയ ദിനത്തിെൻറ ഭാഗമായി നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ ഡോ. അൽ സഇൗദി പറഞ്ഞു.
നമ്മുടെ ആരോഗ്യ മേഖല എത്ര ശക്തമാണെന്ന് കോവിഡ് കാലം നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. കഴിഞ്ഞ 10 മാസമായി കോവിഡ് ചികിത്സയുമായി നാം മുന്നോട്ടുപോവുകയാണ്. ഇതുവരെ നാം ആരെയും തീവ്രപരിചരണ വിഭാഗത്തിലെ കിടക്കയിൽനിന്ന് മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും അർപ്പണവും കഠിനാധ്വാനവുമാണ് ഇതിന് സഹായിച്ചിട്ടുള്ളത്. കോവിഡ് കാലത്ത് െഎ.സി.യുവിലുണ്ടായിരുന്ന രോഗികളുടെ ഉയർന്ന എണ്ണം 220 ആയിരുന്നു. വളരെ വേഗത്തിൽ രോഗം പടരുന്നതിനാൽ േദശീയ ദിനാഘോഷങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് വൈറസ് ഒമാെൻറയും ലോകത്തിെൻറയും സ്വാതന്ത്ര്യം വലിയ തോതിൽ പിടിച്ചുകെട്ടിയിട്ടുണ്ട്. ദേശീയ ദിനത്തിെൻറ ആഘോഷ പരിപാടികൾ മഹാമാരി പടരാത്ത രീതിയിൽ നടത്തണമെന്നതാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതമിെൻറ സന്ദേശം. ജനങ്ങളുടെ ജീവനാണ് മറ്റെന്തിനേക്കാളും മുൻഗണന നൽകുന്നത്. ഇത് ചരിത്രത്തിലെ തന്നെ പ്രധാന ദിവസങ്ങളാണ്. ഇൗ മഹാമാരി കാരണം ആഘോഷങ്ങൾ പ്രതീകാത്മകമാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആരോഗ്യ േമഖലയിലെ ജീവനക്കാർ മികച്ച സംഭാവനയാണ് നൽകുന്നത്. 57,000 ജീവനക്കാരാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നത്. ഒമാനിൽ 83 ആശുപത്രികളുണ്ട്. ഇവയിൽ 50ഉം സർക്കാർ മേഖലയിലാണ്. അതോടൊപ്പം രാജ്യത്ത് നൂറുകണക്കിന് ക്ലിനിക്കുകളും ആയിരക്കണക്കിന് ഫാർമസികളുമുണ്ട്. 1970ൽ രാജ്യത്ത് മൊത്തം 13 ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. ഇന്ന് ഒമാനിൽ 9600 ഡോക്ടർമാരും 1400 ദന്തഡോക്ടർമാരും 20,000 നഴ്സുമാരുമുണ്ട്.
സുൽത്താൻ ഖാബൂസ് അധികാരമേറ്റത് ആരോഗ്യ മേഖലയിൽ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയതായും മന്ത്രി പറഞ്ഞു.ശരാശരി ആയുർദൈർഘ്യം ഉയർന്നതും നവജാത ശിശുക്കളുടെ മരണനിരക്ക് കുറഞ്ഞതുമൊക്കെ ആരോഗ്യ മേഖലയുടെ വളർച്ച കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.