സീബിൽ രണ്ടു ജലവിതരണ പദ്ധതി പൂർത്തിയായി
text_fieldsമസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ രണ്ട് സീബ് വിലായത്തിൽ രണ്ടു ജലവിതരണ പദ്ധതികൾ ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ സർവിസസ് കമ്പനി (ഒ.ഡബ്ല്യു.ഡബ്ല്യു. എസ്.സി) പൂർത്തിയാക്കി. ആദ്യ പദ്ധതിയിൽ ബർകക്കും സീബിനും ഇടയിൽ ജലവിതരണം സാധ്യമാകുന്നതാണ്. മാബില ഏഴിലെ ജലവിതരണ ശൃംഖലകളുടെ വിപുലീകരണമാണ് രണ്ടാമത്തേത്. ബർകയിലെ ജലശുദ്ധീകരണ പ്ലാന്റിൽനിന്ന് സീബിലേക്കുള്ള ജലവിതരണ പദ്ധതി എട്ടു മാസംകൊണ്ടാണ് പൂർത്തിയാക്കിയതെന്ന് പ്രോജക്ട് മാനേജർ യൂനിസ് അൽ സക്വാനി പറഞ്ഞു.
ഏകദേശം 3500 നഗരവാസികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
1000 എം.എം വ്യാസമുള്ള പൈപ്പ് ഉപയോഗിച്ചാണ് ജലശുദ്ധീകരണ പ്ലാന്റിൽനിന്ന് സീബിലെ വിലായത്തിലെ വിതരണ ശൃംഖലകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതെന്ന് സക്വാനി പറഞ്ഞു. 18 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പിലൂടെ പ്രതിദിനം ഏകദേശം 1,00,000 ക്യുബിക് മീറ്റർ വെള്ളം വിതരണം ചെയ്യാൻ കഴിയും. നഗരപ്രദേശങ്ങളിലെ ജനസംഖ്യയിലും വർധന കണക്കിലെടുത്താണ് മബേല ഏഴിലെ ജലവിതരണ ശൃംഖല വിപുലീകരിച്ചതെന്ന് പദ്ധതിനിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഹിലാൽ അൽ റിയാമി പറഞ്ഞു.
ബർകയിലെ ജലശുദ്ധീകരണ പ്ലാന്റിന്റെ ശേഷി വർധിച്ചതോടെയാണ് ഇത് സാധ്യമായത്. 15 മാസത്തിനുള്ളിലാണ് പദ്ധതി പൂർത്തീകരിച്ചത്. പദ്ധതിക്കു കീഴിലുള്ള നിലവിലെ റെസിഡൻഷ്യൽ കണക്ഷനുകൾ 646 യൂനിറ്റുകളാണ്. ഇത് ഏകദേശം 3500 ഗുണഭോക്താക്കൾ വരുമെന്നും അദ്ദേഹം പറഞ്ഞു.
വരുംകാലയളവിൽ യൂനിറ്റുകളുടെ എണ്ണം ആയിരമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പൈപ്പുകൾ 400 മുതൽ 110 മില്ലിമീറ്റർവരെ വ്യാസമുള്ളവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.