12ാം ക്ലാസ് വിദ്യാർഥികളുടെ വാക്സിനേഷൻ നാളെ മുതൽ
text_fieldsമസ്കത്ത്: അവസാനവർഷ പരീക്ഷക്കിരിക്കുന്ന 12ാം ക്ലാസ് വിദ്യാർഥികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ബുധനാഴ്ച മുതൽ ആരംഭിക്കും. ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് വാക്സിനേഷൻ പൂർത്തിയാക്കുക. ഇതിനാവശ്യമായ മുന്നൊരുക്കം പൂർത്തീകരിച്ചതായി ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഒാരോ ഗവർണറേറ്റുകളിലെയും കുത്തിവെപ്പ് കേന്ദ്രങ്ങൾ നിശ്ചയിച്ചു. വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർ പൂർണമായും കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ഇടവിട്ട സമയങ്ങളിൽ കൈ സാനിറ്റൈസ് ചെയ്യുക എന്നിവ വാക്സിനേഷന് ശേഷവും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അവസാന പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകിയാണ് വാക്സിൻ വിതരണം ചെയ്യുന്നത്. പരീക്ഷക്ക് നേതൃത്വം നൽകുന്ന അധ്യാപകർക്കും മറ്റു ജീവനക്കാർക്കും പരിഗണനയുണ്ട്. പ്രായമായവരും രോഗികളും പൊലീസ്-ആരോഗ്യ പ്രവർത്തകർക്കും മാത്രമാണ് നിലവിൽ ഒമാനിൽ കുത്തിവെപ്പ് നൽകിയിരിക്കുന്നത്. എന്നാൽ, അടുത്ത മാസം 10 ലക്ഷം വാക്സിൻ ഡോസുകൾ എത്തുന്നതോടെ കൂടുതൽ ടാർഗറ്റ് ഗ്രൂപ്പുകളിലേക്ക് കുത്തിവെപ്പ് വ്യാപിപ്പിക്കും. ഇതിനകം രണ്ടുലക്ഷം പേരാണ് വാക്സിൻ എടുത്തത്. ആഗസ്റ്റ് അവസാനത്തോടെ 35 ശതമാനം പേർക്കും വാക്സിൻ നൽകുമെന്നാണ് സർക്കാർ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.