വാരാന്ത്യ കച്ചവടം മഴയെടുത്തു: മത്രയിൽ വ്യാപാരികൾക്ക് നിരാശ
text_fieldsഅഷ്റഫ് കവ്വായി
മത്ര: ദിവസങ്ങളായി തുടരുന്ന അസ്ഥിര കാലാവസ്ഥയില്‍ വ്യാപാരികള്‍ക്ക് നിരാശ. കോവിഡും ഒമിക്രോണും മൂലം മാന്ദ്യത്തിലാഴ്ന്ന വിപണിയില്‍ ചെറിയ തോതിലെങ്കിലും ആളനക്കങ്ങള്‍ കണ്ടുവരാറുള്ള വാരാന്ത്യ അവധി ദിനങ്ങളാണ് ഇത്തവണ മഴയെടുത്തത്.
വര്‍ഷാവസാനവും ശമ്പള സമയവും ഒന്നിച്ചെത്തിയ സമയമായതിനാല്‍ അത്യാവശ്യം വ്യാപാരം പ്രതീക്ഷിക്കപ്പെട്ട സമയത്താണ് മഴയും അനുബന്ധ പ്രയാസങ്ങളും വന്നണഞ്ഞത്. ഇത് വ്യാപാരികളില്‍ മ്ലാനത പരത്തി.
വലിയ പ്രതീക്ഷ പകരുന്ന വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ഒഴിവുദിന കച്ചവടമാണ് മഴ മൂലം നഷ്ടപ്പെട്ടത്. ന്യൂനമർദം മൂലം മഴ മുന്നറിയിപ്പ് നിലവിലുണ്ടായതിനാല്‍ പ്രളയ പ്രതിരോധ മുന്‍കരുതലുകളോടെയാണ് മത്ര സൂഖിലെ വ്യാപാരികള്‍ വ്യാഴാഴ്ച കടകളടച്ചത്. ഇരുമ്പ് ബാരിക്കേഡുകള്‍ സ്ഥാപിച്ചും ഫൈബര്‍ ഫോം പുട്ടി അടിച്ച് വിള്ളലുകൾ അടച്ചും ഷീറ്റുകൊണ്ട് മൂടിയുമൊക്കെയാണ് രാത്രി കടകള്‍ അടച്ചുപോയത്. വാദിയുണ്ടായാല് വെള്ളം ഇരച്ചുകയറുന്നത് ഒഴിവാക്കാന്‍വേണ്ടിയായിരുന്നു ഇത്തരം പ്രതിരോധപ്രവര്‍ത്തനങ്ങള്‍. എന്നാല്‍, വലിയ മഴയും വെള്ളമൊഴുക്കുമില്ലാത്ത ആശ്വാസത്തിലാണ് വെള്ളിയാഴ്ച കടകള്‍ തുറന്നത്. പക്ഷേ, ഉച്ചയോടെ ഇടിയും കാറ്റിനും ഒപ്പം മഴയെത്തിയതോടെ ഒട്ടിമിക്ക കടകളും അടക്കുകയും ചെയ്തു. ശക്തമായ ഇടിയില്‍ ചില കടകളുടെ ഗ്ലാസ് വാതിലുകള്‍ അടര്‍ന്നുവീഴുകയും പൊട്ടിച്ചിതറുകയുമുണ്ടായി. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ ഉണ്ടായതിനാല്‍ വൈകീട്ട് സൂഖില്‍ ഇടപാടുകാർ എത്തിയതുമില്ല.ശനിയാഴ്ചയും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല.
ആഴ്ചയിൽ കാര്യമായ കച്ചവടം നടക്കുന്ന ദിവസമായിട്ടും അങ്ങിങ്ങ് മഴ ഉണ്ടായതിനാല്‍ ഇടപാടുകാർ വീടിന് വെളിയില്‍ ഇറങ്ങാത്തതിനാൽ സൂഖ് വിജനമായിരുന്നു. ഉച്ചക്ക് മഴ കനത്തതോടെ സൂഖിലെ രണ്ടാം കവാട ഭാഗങ്ങളിലുള്ള ഒട്ടുമിക്ക കടകളും പൂര്‍ണമായും അടച്ചിട്ടു.നേരിയ മഴ ഉണ്ടായാല്‍തന്നെ ടൂറിസം ഏരിയയിലൂടെ നീരൊഴുക്കുണ്ടാകുന്നതുകൊണ്ടാണ് ഈ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങള്‍ അടിച്ചിടാന്‍ നിര്‍ബന്ധിതരാകുന്നത്. മത്ര സൂഖിലെ വ്യാപാരികള്‍ക്ക് മഴ കനത്ത നിരാശയാണ് സമ്മാനിച്ചത്. എന്നാൽ, കാര്യമായ നാശനഷ്ടം ഇല്ലാതെ മഴ മാറിയതിന്റെ ആശ്വാസത്തിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.