ചെമ്മീൻ വിലക്കിന് 31 വർഷം; സമ്മിശ്ര പ്രതികരണങ്ങളുമായി മത്സ്യത്തൊഴിലാളികൾ
text_fieldsദോഹ: ഖത്തർ കടലിൽ ചെമ്മീൻപിടിത്ത നിരോധനമേർപ്പെടുത്തിയിട്ട് 31വർഷം പൂർത്തിയാകുമ്പോൾ സമ്മിശ്ര പ്രതികരണത്തോടെ മത്സ്യത്തൊഴിലാളികൾ. രാജ്യത്തിന്‍റെ മത്സ്യസമ്പത്ത് വളരുന്നതിൽ നിരോധനം പ്രധാന ഘടകമായെന്ന് ചിലർ വാദിക്കുമ്പോൾ, ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും നിയന്ത്രണങ്ങളിൽ ഇളവുനൽകി അംഗീകൃത സ്ഥാപനങ്ങൾക്ക് സമയപരിധി നിശ്ചയിച്ച് ചെമ്മീൻ പിടിക്കാനുള്ള അനുവാദം നൽകണമെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.
മറ്റു കടൽജീവികളെ കൂടുതലായി വേട്ടയാടുന്നത് കുറക്കാനും വിപണിയിൽ പ്രാദേശിക ഉൽപന്നം എത്തുന്നതോടെ ഇറക്കുമതി ചെയ്യുന്ന ചെമ്മീനിനുള്ള വിലയിൽ പുനഃപരിശോധന ഉണ്ടാകുമെന്നാണ് ചെമ്മീൻ വേട്ട നിരോധിച്ച തീരുമാനത്തിനെതിരെയുള്ളവർ പറയുന്നത്.
1991ലാണ് പ്രാദേശിക കടലിൽനിന്നും ചെമ്മീൻ പിടിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്. ചെമ്മീൻ പിടിക്കപ്പെടുമ്പോൾ വലിയതോതിൽ ചെറു മത്സ്യങ്ങളും മത്സ്യക്കുഞ്ഞുങ്ങളും നശിച്ച് പോകുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാറിനെ നയിച്ചതെന്നും മത്സ്യത്തൊഴിലാളി സമിതി അംഗമായ ജാസിം അൽ ലിൻജാവിയെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോർട്ട് ചെയ്തു.
ചളിയുള്ള കടൽത്തട്ടിലാണ് ചെമ്മീൻ അധികവും കാണപ്പെടുന്നത്. സീബെഡിൽ 20 മുതൽ 30 സെ.മീറ്റർ താഴ്ചയിൽ വരെ വല വിരിച്ചാൽ മാത്രമേ ചെമ്മീനെ പിടിക്കാൻ സാധിക്കൂ. എന്നാൽ, ഇങ്ങനെ ചെമ്മീൻ പിടിക്കുമ്പോൾ ധാരാളം ചെറുമത്സ്യങ്ങൾ വലയിൽ പെടുകയും ചാവുകയും ചെയ്യുന്നു. ഇതിനെ തുടർന്നാണ് ഫിഷറീസ് വകുപ്പ് വിവിധ വകുപ്പുകളുമായി ചേർന്ന് പഠനം നടത്തി നിരോധനത്തിലേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.