നീറുന്ന ഓർമകളിൽ ഒരു ഒത്തുചേരൽ
text_fieldsദോഹ: പരസ്പരം കണ്ടുമുട്ടാത്തവർ. പക്ഷേ, അവരുടെ വികാരങ്ങളെല്ലാം ഒന്നായിരുന്നു. പ്രവാസമണ്ണിലെ ജീവിതപ്പാച്ചിലിനിടക്ക് ഓർക്കാപ്പുറത്ത് ഉറ്റവരെ നഷ്ടമായവരും അപകടങ്ങളിൽപെട്ട് നാട്ടിലേക്ക് സ്വന്തക്കാരെ പറഞ്ഞയക്കേണ്ടിവന്നവരുമായ ഒരുകൂട്ടം മനുഷ്യർ തങ്ങളുടെ കടിച്ചമർത്തിയ വേദനകളുമായി ഒരു നോമ്പുതുറ വിരുന്നിൽ ഒന്നിച്ചിരുന്നു.
നിയമ തടസ്സങ്ങളിൽപെട്ട് ദീർഘകാലത്തിനുശേഷം മാത്രം നാടണയാൻ സാധിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അവരിലുണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ കൾചറൽ ഫോറം കമ്യൂണിറ്റി സർവിസ് വിങ്ങിനെ സേവനങ്ങൾ പലതരത്തിൽ ഉപയോഗപ്പെടുത്തിയവരുടെ കൂടിച്ചേരലായിരുന്നു അപൂർവമായൊരു ഇഫ്താർ സംഗമമായത്. പൊടുന്നനെ വന്നുഭവിച്ച അത്യാഹിതങ്ങളിൽ തങ്ങൾ അനുഭവിച്ച മാനസിക സംഘർഷങ്ങളും പ്രവാസമണ്ണിലെ ആ ദിനരാത്രങ്ങളിലെ നിസ്സഹായാവസ്ഥയിൽ തുണയായി കൾചറൽ ഫോറം പ്രവർത്തകർ ചേർത്തു പിടിച്ചതും അവർ പങ്കുവെച്ചു. മലയാളികൾക്കു പുറമെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും പങ്കെടുത്തു. അവരിലേറെ പേരും ആദ്യമായി കൾചറൽ ഫോറം സംവിധാനം അറിയുന്നതും പരിചയപ്പെടുന്നതും ഹമദ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലോ മോർച്ചറിക്ക് മുന്നിലോ ആയിരുന്നു.
സംഗമം ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്കീമിലും മറ്റ് പ്രവാസി ക്ഷേമ പദ്ധതികളിലും അംഗമാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.
വെറുംകൈയോടെ ഉറ്റവരിലേക്ക് മടങ്ങിച്ചെല്ലാതിരിക്കാൻ മുഴുവൻ പ്രവാസികളും ഇതിൽ പങ്കാളിയാവണമെന്ന് അദ്ദേഹം ഉണർത്തി. കൾചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി താസീൻ അമീൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഫൈസൽ ടി.എ, നൗഷാദ് ഒറവിൽ, മുഹമ്മദ് തൻവീർ (ഝാർഖണ്ഡ്), ശ്രീധർ (തമിഴ്നാട്), നാസർ പെരിങ്ങോട്ടുകര, ഹാരിസ് ചാവക്കാട് തുടങ്ങിയവർ സംസാരിച്ചു. കൾചറൽ ഫോറം സംസ്ഥാന ട്രഷറർ അബ്ദുൽ ഗഫൂർ എ.ആർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നജ്ല നജീബ്, റുബീന മുഹമ്മദ് കുഞ്ഞി, കമ്യൂണിറ്റി സർവിസ് വിങ് അംഗങ്ങളായ മുഹമ്മദ് ഷറീൻ, സുനീർ, നിസ്താർ കൊച്ചി, സക്കീന അബ്ദുല്ല, ഹാരിസ് വയനാട്, ഉവൈസ് എറണാകുളം, ഹാമിദ് തങ്ങൾ, റഹീം വേങ്ങേരി, റാസിഖ് കോഴിക്കോട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.