സ്ത്രീകൾക്ക് മാത്രമായി പള്ളിയും സാംസ്കാരിക കേന്ദ്രവും ‘അൽ മുജാദില’ ശൈഖ മൗസ ഉദ്ഘാടനം ചെയ്തു
text_fieldsദോഹ: മുസ്ലിം സ്ത്രീകളുടെ സാംസ്കാരികവും ബൗദ്ധികവുമായ ഉന്നമനത്തിനായി പ്രത്യേക സാംസ്കാരിക കേന്ദ്രവും പള്ളിയും യാഥാർഥ്യമായി. ‘അൽ മുജാദില സെന്റർ ആൻഡ് മോസ്ക് ഫോർ വിമൻ’ എന്ന പേരിൽ ആരംഭിച്ച സാംസ്കാരിക കേന്ദ്രം ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ ഉദ്ഘാടനം നിർവഹിച്ചു.
ആത്മീയ, വിദ്യാഭ്യാസ, സാംസ്കാരിക ഗവേഷണങ്ങളും പഠനങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ശൈഖ മൗസയുടെ നേതൃത്വത്തിൽ പുതുസംരംഭം പ്രാബല്യത്തിൽ വരുന്നത്. എല്ലാ പ്രായക്കാരും ദേശക്കാരുമായ മുസ്ലിം വനിതകളെയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് മാതൃകാ സംരംഭം.
ഉദ്ഘാടനചടങ്ങിൽ വിവിധ രാജ്യങ്ങളിലെ പ്രഥമ വനിതകൾ, ഔഖാഫ് ഇസ്ലാമിക മന്ത്രാലയ പ്രതിനിധികൾ, അക്കാദമിക് ഗവേഷകർ എന്നിവർ പങ്കെടുത്തു. മുസ്ലിം സ്ത്രീകളുടെ ഇസ്ലാമിക സ്വത്വം ശക്തിപ്പെടുത്തുക, എല്ലാ സ്ത്രീകളും ഇടപഴകുന്ന സമൂഹത്തെ വളർത്തുക, അവരുടെ പങ്കാളിത്തവും സംഭാവനകളും അംഗീകരിക്കുക, ആശങ്കകളും കാഴ്ചപ്പാടുകളും പങ്കുവെക്കുക, പൊതു ചർച്ചകൾക്ക് വഴിയൊരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സെന്റർ ആരംഭിച്ചത്.
പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു സ്ഥാപക കൂടിയായ ശൈഖ മൗസ ഉദ്ഘാടനം നിർവഹിച്ചത്. ഖൗല ബിൻത് തലബ എന്ന പ്രവാചക അനുയായിയായ വനിതയുടെ ജീവിതവും, അവർ പ്രവാചകനുമായി വിവിധ വിഷയങ്ങളിൽ സംവദിച്ചതുമായ ചരിത്രം പരാമർശിച്ചുകൊണ്ട് ശൈഖ മൗസ പുതിയ ആശയത്തിനു പിന്നിലെ പ്രചോദനവും ‘അൽ മുജാദില’ എന്ന പേര് സ്വീകരിച്ചതും വിശദീകരിച്ചു. ഏതൊരു സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്ന നിരവധി പരിപാടികൾ കേന്ദ്രത്തിൽ സംഘടിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.
കെട്ടിടത്തിന്റെ വാസ്തുവിദ്യാ ഭംഗിയല്ല, അതിനപ്പുറം സെന്ററും പള്ളിയും സ്ഥാപിക്കുന്നതിലൂടെ ആരാധനയിലെ നീതിയുടെ ആശയത്തിലേക്ക് വെളിച്ചം വീശുകയാണെന്ന് അവർ പറഞ്ഞു. ‘അൽ മുജാദില’ സ്ത്രീകളെ മതപരവും ലൗകികവുമായ കാര്യങ്ങളിൽ സ്വയം വികസിപ്പിക്കാനും ആരാധനയെക്കുറിച്ചുള്ള സമഗ്രധാരണ നിലനിർത്താനും അനുവദിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
സ്ത്രീകളുടെ ആരാധനാകേന്ദ്രങ്ങൾ ഏതെങ്കിലും മൂലകളിൽ ഒതുക്കാതെ മുഖ്യധാരയിലേക്ക് നീക്കുകയാണ് ‘അൽ മുജാദില’ പള്ളിയിലൂടെ. ഇതോടൊപ്പം വൈവിധ്യമാർന്ന പരിപാടികൾക്കും പഠനങ്ങൾക്കും ചർച്ചകൾക്കും കേന്ദ്രം വേദിയാകും. സെന്ററിൽ ക്ലാസ് മുറികൾ, ലൈബ്രറി, ഒത്തുകൂടാനുള്ള ഇടങ്ങൾ, കഫേ, പൂന്തോട്ടങ്ങൾ എന്നിവയുമുണ്ട്.
സ്ത്രീകൾക്കായി ഒരു കമ്യൂണിറ്റി സ്പേസ്, കോഴ്സുകൾ, വർക്ക്ഷോപ്പുകൾ, ഇസ്ലാമിക ചരിത്രം, ഇസ്ലാമിക നിയമം, മാനസികാരോഗ്യം, ക്ഷേമം, ബുക്ക് ക്ലബുകൾ, പരിശീലന പരിപാടികൾ, ഗവേഷണം എന്നിവ അറബിയിലും ഇംഗ്ലീഷിലും സജ്ജമാക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖർ പങ്കെടുത്ത പാനൽ ചർച്ചയും നടന്നു. വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി ജബർ അൽ നുഐമി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോൽവ ബിൻത് റാഷിദ് അൽ-ഖാതിർ, ഡോ. ഒമർ അബ്ദുൽകാഫി, ഇസ്ലാമിക് സ്റ്റഡീസ് ഗവേഷകനുമായ മെയ് അൽ സയ്യിദ്, ഖുലൂദ് നൂഹ് എന്നിവർ പങ്കെടുത്തു.
ഞായറാഴ്ച മുതൽ കമ്യൂണിറ്റി പ്രോഗ്രാമുകൾ
‘അൽ മുജാദില സെന്റർ’ കമ്യൂണിറ്റി പരിപാടികൾ ഫെബ്രുവരി നാലിന് ഞായറാഴ്ച ആരംഭിക്കും. രജിസ്റ്റർ ചെയ്തുകൊണ്ട് പങ്കെടുക്കാം. ആറാം തീയതി മുതൽ സ്ത്രീകൾക്ക് രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെ സമയത്തിനുള്ളിൽ സന്ദർശിക്കാവുന്നതാണ്. വെബ്സൈറ്റ് വഴി പരിപാടികളുടെ വിവരങ്ങൾ ലഭ്യമാകും. www.almujadilah.qa
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.