പച്ചപ്പിന് നടുവിലൊരു നടപ്പാതയും; റൗദത് അൽ ഹമാമ പാർക്ക് നാടിന് സ്വന്തം
text_fieldsദോഹ: 1197 മീറ്റർ നീളത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ശീതീകരിച്ച ഔട്ട്ഡോർ ട്രാക്കുമായി ഒരു പാർക്ക്. അടിമുടി വേവുന്ന ഏത് ചൂടുകാലത്തും ശരീരം തളരാതെ തന്നെ നടക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യവുമായി റൗദത് അൽ ഹമാമ പബ്ലിക് പാർക്ക് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ നാടിന് സമർപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ മന്ത്രി പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദോഹയിൽനിന്ന് 27 കി.മീ അകലെയാണ് പച്ചപ്പും മരങ്ങളും ദൈർഘ്യമേറിയ എ.സി നടപ്പാതയും സൈക്ലിങ് ട്രാക്കും ജോഗിങ് ഇടവുമെല്ലാമുള്ള ഹൈടെക് പാർക്ക് സജ്ജമായത്.
പൊതുമരാമത്ത് വിഭാഗമായ അഷ്ഗലും, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് വിഭാഗവും ചേർന്നാണ് അൽ ഖീസയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പുതിയ പാർക്ക് സജ്ജമാക്കിയത്.
ദിനേനെ 10,000 സന്ദർശകരെ ഉൾക്കൊള്ളാൻ പാർക്കിന് ശേഷിയുണ്ട്. പുല്ലും ചെടികളും കൊണ്ട് രൂപകൽപന ചെയ്ത കൂറ്റൻ പ്ലാന്റ് ക്ലോക്ക് പാർക്കിന്റെ ആകർഷണമാണ്. 500 പേർക്ക് ഇരിപ്പിട സൗകര്യമുള്ള ഓപൺ ആംഫി തിയറ്റർ, എട്ട് സർവിസ് കിയോസ്കുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർഥന സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവയുമുണ്ട്.
പാർക്ക് ഉദ്ഘാടന ചടങ്ങിൽ അഷ്ഗാൽ പ്രസിഡൻറ് എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മീർ പങ്കെടുത്തു. പബ്ലിക് സർവിസസ് അഫയേഴ്സ് അസി. അണ്ടർ സെക്രട്ടറി, എൻജിനീയർ അബ്ദുല്ല അഹ്മദ് അൽ കരാനി, പബ്ലിക് പാർക്ക് ഡിപ്പാർട്മെന്റ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ സാദ തുടങ്ങിയവരും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെയും അഷ്ഗലിലെയും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ആരോഗ്യകരവും വിനോദവും കായികവുമായ ജീവിതരീതിക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ലോകോത്തര പൊതുപാർക്കുകളും പൂന്തോട്ടങ്ങളും സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് റൗദത്ത് അൽ ഹമാമ പാർക്കെന്ന് ഉദ്ഘാടനവേളയിൽ മുഹമ്മദ് ഇബ്രാഹിം അൽ സദ പറഞ്ഞു.
ഇതോടെ രാജ്യത്തെ പൊതുപാർക്കുകളുടെ എണ്ണം147 ആയി ഉയർന്നു. 2010ൽ കേവലം 56 പാർക്കുകളുണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് 163 ശതമാനം വർധിച്ച് ഇത്ര എണ്ണത്തിലെത്തിയതെന്ന് അൽ സാദ ചൂണ്ടിക്കാട്ടി.
1.76 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കിന്റെ 80 ശതമാനവും പച്ചപ്പുള്ള ഇടങ്ങളാണ്. 1.38 ലക്ഷം ചതുരശ്ര മീറ്ററാണ് ഹരിത ഇടങ്ങൾ. പ്രാദേശികവും വിദേശങ്ങളിൽനിന്നുള്ളതുമായ 1042 മരങ്ങൾ ഇവിടെയുണ്ട്. പൂർണമായും സംസ്കരിച്ച ജലം ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് ജലസേചന സംവിധാനവും പാർക്കിൽ സംവിധാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.