വിദ്യാഭ്യാസ പൈതൃകത്തിന്റെ അടയാളമായി അൽ ജമീലിയ സ്കൂൾ
text_fieldsദോഹ: ഖത്തറിന്റെ വിദ്യഭ്യാസ വിപ്ലവ ചരിത്രത്തിലെ വിസ്മരിക്കാനാകാത്ത ഏടുകളിലൊന്നായ അൽ ജമീലിയ ഓൾഡ് സ്കൂളിന് ഇനി പുതുമോടി. മത-ഭൗതിക വിദ്യാഭ്യാസത്തോടെ വിദ്യാസമ്പന്നമായ തലമുറയെ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച്, പതിയെ വീണുതുടങ്ങിയ സ്കൂളിനെ പഴമ ഒട്ടും ചോരാതെ പുതുക്കി പണിതുകൊണ്ടാണ് ഖത്തർ മ്യൂസിയം രാജ്യത്തിന്റെ വിദ്യഭ്യാസ വളർച്ചയുടെ ബാക്കിപത്രമായി അടയാളപ്പെടുത്തുന്നത്. സീഷോർ ഗ്രൂപ്പിന്റെ സഹകരണത്തോടെ, ഖത്തർ മ്യൂസിയം ആർക്കിടെക്ചറൽ കൺസർവേഷൻ വകുപ്പാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ഖത്തറിലെ പൗരാണിക കേന്ദ്രങ്ങളുടെയും കെട്ടിടങ്ങളുടെയും സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാണ് അൽ ജമീലിയ ഓൾഡ് സ്കൂൾ പുനർനിർമിച്ചതെന്ന് ആർക്കിടെക്ചറൽ കൺസർവേഷൻ വിഭാഗം മേധാവി ആദിൽ അൽ മസ്ലമാനി പറഞ്ഞു.പഴയ സ്കൂൾ കെട്ടിടത്തിന്റെ വാസ്തുവിദ്യയും ശൈലിയും അതേപടി നിലനിർത്തിയാണ് ഖത്തർ മ്യൂസിയം നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ഖത്തറിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന കെട്ടിടമായാണ് അൽ ജമീലിയയെ വിശേഷിപ്പിക്കുന്നത്. അൽ ജമീലിയ മേഖലയിലെ ഏറ്റവും പൗരാണികമായ കെട്ടിടങ്ങളിലൊന്നാണ് അൽ ജമീലിയ സ്കൂൾ. നാല് മുറികളിൽ മൂന്നെണ്ണം ക്ലാസ് റൂമുകളായും ഒന്ന് പ്രധാനാധ്യാപക മുറിയായും ഉപയോഗിച്ചു. 2023ന്റെ പകുതിയോടെയാണ് പുനരുദ്ധാരണ പ്രക്രിയ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.