കുഞ്ഞുകുട്ടികളുടെ വളർച്ച കുട്ടിക്കളിയല്ല
text_fieldsഓർമയില്ലേ നമ്മുടെ കുട്ടിക്കാലം... പാടത്തും പറമ്പിലും ഓടി നടന്നും ഉൗഞ്ഞാലാടിയും കൂട്ടുകാർക്കൊപ്പം പകൽ മുഴുവൻ കളിച്ചുനടന്നും നമ്മൾ ലോകമറിഞ്ഞു വളർന്ന ആ കാലം.
കഥകൾ പറഞ്ഞുതന്ന് സ്വപ്നം കാണാൻ പഠിപ്പിച്ച ഒരുപാട് മുത്തശ്ശിമാരുണ്ടായിരുന്നു ചുറ്റിലും. വരച്ചു പഠിക്കാനും കളിച്ചു നടക്കാനുമെല്ലാം സ്ഥലങ്ങളും സമയവുമുണ്ടായിരുന്നു. സംസാരിച്ച് പഠിച്ചും, ചുറ്റിലുമുള്ള ജീവജാലങ്ങളെ തിരിച്ചറിഞ്ഞുമെല്ലാം വളർന്നാണ് നാം ഇൗ നിലയിലെത്തിയത്. പിറന്നുവീഴുന്ന കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പ് നമ്മുടെ വീട്ടിലും പരിസരങ്ങളിലുമായി അഭ്യസിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസം വ്യക്തിത്വം ചിട്ടപ്പെടുത്തുന്നതിലും സുപ്രധാനമാണ്. എന്നാൽ, പുതിയ കാലത്ത് പ്രത്യേകിച്ച് പ്രവാസലോകത്ത് നമ്മുടെ കുട്ടികൾക്ക് ഇതെല്ലാം അന്യമാവുകയാണ്. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോഴും അണുകുടുംബ സാഹചര്യവുമെല്ലാം വളർന്നുവരുന്ന കുട്ടികളുടെ വ്യക്തിത്വം ചിട്ടപ്പെടുത്തുന്നതിൽ പ്രശ്നം സൃഷ്ടിക്കാറുണ്ട്.
കുഞ്ഞുപ്രായത്തിൽ അവർ അനുഭവിച്ചും കണ്ടും കേട്ടും അറിഞ്ഞും പഠിച്ചെടുക്കേണ്ട ഒരുപാട് കാര്യങ്ങൾ നഷ്ടമാവുേമ്പാൾ അവരുടെ വ്യക്തിത്വ വികസനത്തെ തന്നെയാണ് ബാധിക്കുന്നത്. ഇത് തിരിച്ചറിയുകയും സമയബന്ധിതമായി തിരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
എങ്കിൽ, കുട്ടികളുടെ പഠനവും വിദ്യാഭ്യാസവും നേരായ വഴിയിലേക്ക് നയിക്കാൻ രക്ഷിതാക്കൾക്കും കഴിയും. അതിന് നിങ്ങളെ സഹായിക്കുന്ന സംവിധാനമാണ് ‘ഏർളി ചൈൽഡ്ഹുഡ് സ്റ്റിമുലേഷൻ (Early Childhood Stimulation).
കുഞ്ഞുപ്രായത്തിൽ തന്നെ കുട്ടികളിലെ പ്രശ്നങ്ങൾ തിരിച്ചറിയുകയും ആവശ്യമായ തിരുത്തുകൾ നിർദേശിക്കുകയും ചെയ്യുന്ന പ്രക്രിയ.
-എന്താണ് ‘ഏർളി ചൈൽഡ്ഹുഡ് സ്റ്റിമുലേഷൻ’?
ജനനം മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ മൊത്തത്തിലുള്ള വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും, പിന്തുണക്കുന്നതിനുമായി വികസിപ്പിച്ച പ്രവർത്തനങ്ങളും അനുഭവങ്ങളുമാണ് ഏർളി ചൈൽഡ്ഹുഡ് സ്റ്റിമുലേഷൻ. ഒരു കുട്ടിയുമായി സംസാരിക്കുക, പാടുക, വായിക്കുക, കളിക്കുക, തുടങ്ങിയ ലളിതമായ ദൈനംദിന പ്രവർത്തനങ്ങളിലൂടെ ഇത് പൂർത്തിയാക്കാം. ഏറ്റവും പ്രാധാന്യമുള്ള വശം കുട്ടിയും പരിചരിക്കുന്ന ആളും തമ്മിലുള്ള ശ്രദ്ധാപൂർവവും നിരന്തരവുമായ ഇടപെടലുകളാണ്.
-എന്തുകൊണ്ട് ഏർളി സ്റ്റിമുലേഷൻ നിർണായകമാവുന്നു?
ആദ്യ വർഷങ്ങളിൽ (0-6 മാസംവരെ) ആണ് ബ്രെയിൻ ഏറ്റവും വേഗത്തിൽ വളർച്ച പ്രാപിക്കേണ്ടത്. ഈ ബ്രെയിൻ വികാസം ഭാഗികമായി ജെനറ്റിക്സ് കൊണ്ടും ബാക്കി കുട്ടി ജീവിക്കുന്ന ചുറ്റുപാടുകൊണ്ടുമാണ്. മുതിർന്നവർ കുട്ടികളുടെ ആംഗ്യ വിക്ഷേപങ്ങൾ, പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ എന്നിവയോടോക്കെ പ്രതികരിക്കുമ്പോൾ ബ്രെയ്നിൽ ഉള്ള ന്യൂറൽ കണക്ഷൻസ് ശക്തിപ്പെടുകയും, ഇവ കുട്ടിയുടെ ആശയവിനിമയ, സാമൂഹിക കഴിവുകളെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.
പഠനത്തിലും വിദ്യാഭ്യാസത്തിലുമുള്ള പങ്ക്
1. മസ്തിഷ്ക വികസനം
‘ഏർളി സ്റ്റിമുലേഷൻ’വഴി മസ്തിഷ്കത്തിലുണ്ടാവുന്ന ന്യൂറൽ കണക്ഷൻ വിവരങ്ങൾ നേടുന്നതിനും നിലനിർത്തുന്നതിനുമുള്ള കുട്ടിയുടെ കഴിവ് വർധിപ്പിക്കുകയും ഇതുവഴി കുട്ടിയുടെ ഭാവി പഠനത്തിന് ശക്തമായ അടിത്തറനൽകുകയും ചെയ്യുന്നു.
2. വൈജ്ഞാനിക വികസനം
വായന, മെമ്മറി ഗെയിംസ്, പ്രായത്തിനനുസരിച്ച പഠന ഗെയിമുകൾ, എന്നിവയിലൂടെ വൈജ്ഞാനിക ശേഷി വികസിക്കുകയും കുട്ടികളിൽ ഓർമശക്തി, അറിയാനുള്ള താൽപര്യം, ക്രിയാത്മകത എന്നിവ വളരുകയും ചെയ്യുന്നു.
3. ഭാഷ വികസനം
വായിച്ചുകൊടുക്കുക, സംസാരിക്കുക, പാടിക്കൊടുക്കുക എന്നിവ വഴി കുട്ടികളുടെ ഭാഷയും ആശയവിനിമയ വൈദഗ്ധ്യവും വികസിപ്പിക്കാൻ സഹായിക്കും.
4. സാമൂഹിക വികസനം
പരിചരിക്കുന്നവർ, സമപ്രായക്കാർ, പരിസ്ഥിതി എന്നിവയുമായുള്ള ഇടപെടൽവഴി സാമൂഹികവും വൈകാരികവും ആയ കഴിവുകൾ വികസിക്കുന്നു.
5. മോട്ടോർ സ്കിൽ
നടത്തം, നിരങ്ങൽ, ചിത്രംവര, മാനിപ്പുലേറ്റിവ് േപ്ല എന്നിവയൊക്കെ കുട്ടികളുടെ ‘ഫൈൻ മോട്ടോർ ആൻഡ് ഗ്രോസ് മോട്ടോർ’ശേഷികൾ സഹായിക്കുന്നു.
6. ഔപചാരിക വിദ്യാഭ്യാസത്തിനുള്ള തയാറെടുപ്പ്
ഏർളി സ്റ്റിമുലേഷൻ ലഭിച്ചിട്ടുള്ള കുട്ടികൾ പഠനത്തിന് കൂടുതൽ തയാറാകും. പഠനത്തോട് താൽപര്യവും ഇഷ്ടവുമുള്ള മനോഭാവം വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നു.
7. പഠനവെല്ലുവിളികളെ മറികടക്കുക
‘ഏർളി സ്റ്റിമുലേഷൻ’വഴി നമുക്ക് ഒരു പരിധിവരെ പഠനത്തിലും വ്യക്തിത്വ വളർച്ചയിലുമുണ്ടാകുന്ന കാലതാമസവും വൈകല്യവും ബുദ്ധിമുട്ടും നേരത്തേ തിരിച്ചറിയാൻ സാധിക്കുകയും അതിനെ മറികടക്കാൻ ആവശ്യമായ സാഹചര്യം വളർത്തിയെടുക്കാനും കഴിയുന്നു.ചുരുക്കത്തിൽ ‘ഏർളി സ്റ്റിമുലേഷൻ’ഒരു കുട്ടിയുടെ ആജീവനാന്ത പഠനയാത്രക്ക് വേദിയൊരുക്കുന്നു.
ഈ സമയത്ത് വികസിപ്പിച്ചെടുക്കുന്ന കഴിവുകൾ, കുട്ടിയുടെ മൊത്തത്തിലുള്ള സമഗ്രവികസനത്തിനും അക്കാദമി വിജയത്തിലും പങ്കുവഹിക്കുന്നു. ഇവ നൽകുന്നതിൽ രക്ഷിതാക്കൾ, അധ്യാപകർ, കെയർ ടേകേഴ്സ് എന്നിവർക്കുള്ള പങ്ക് വളരെ വലുതാണ്.
ബിന്ദു കരൺ
(മാനേജിങ് ഡയറക്ടർ,
ഹഗ് മെഡിക്കൽ സർവീസസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.