ഭരണഘടന മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന കാലഘട്ടം -കാളീശ്വരം രാജ്
text_fieldsദോഹ: ഇന്ത്യ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിലൂടെയാണെന്നും എന്നാൽ, ഈ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നതെന്നും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ
അഡ്വ. കാളീശ്വരം രാജ് അഭിപ്രായപ്പെട്ടു. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന്റെ മൂലക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന 'ഇന്ത്യൻ ഭരണഘടന പ്രഭാഷണ പരമ്പരയിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ആരംഭിച്ച 'ഭരണഘടന പ്രഭാഷണ പരമ്പര' ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലാണ് ഉദ്ഘാടനം നിർവഹിച്ചത്. കുറച്ചുകാലമായി രാജ്യത്ത് പുരോഗമനപരമായ നിയമനിർമാണങ്ങളല്ല നടക്കുന്നതെന്നും ഭരണഘടന അവകാശങ്ങൾ പോലും കവർന്നെടുക്കുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നതെന്നും അഡ്വ. കാളീശ്വരം രാജ് പറഞ്ഞു. മുത്വലാഖ് നിരോധനനിയമവും പൗരത്വ ഭേദഗതി നിയമവും ഇതിന് ഉദാഹരണങ്ങളാണ്. മനുഷ്യർ ജാതിമത ചിന്തകൾക്കതീതമായി പ്രണയിക്കുന്നതുപോലും കുറ്റമായി മാറുന്നു. എഴുത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അഭിപ്രായ പ്രകടനം നടത്തുന്നവർ തടവിലാക്കപ്പെടുന്നു. വിശ്വാസത്തിന്‍റെ ഭാഗമായി ധരിക്കുന്ന ഹിജാബിനെ പ്രതിരോധിക്കാൻ ഷാളുമായി ചിലർ വരുമ്പോൾ അവ രണ്ടിനെയും തുല്യവത്കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാധനാലയങ്ങൾപോലും നഷ്ടപ്പെട്ടപ്പോൾ സംയമനം പാലിച്ച്, ഒരു സമൂഹം അവരുടെ പൗരത്വം വെല്ലുവിളി നേരിട്ടപ്പോൾ പ്രതികരിച്ചത് അവരുടെ രാജ്യത്തിന്‍റെ പൗരത്വം എത്ര ഗൗരവത്തിൽ അവർ കാണുന്നു എന്നതിന്‍റെയും അവരുടെ രാജ്യസ്നേഹത്തിന്‍റെയും ഉദാഹരണമാണെന്നും കാളീശ്വരം രാജ് കൂട്ടിച്ചേർത്തു.
മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ ഭാഗംതന്നെയാണ്. ഇപ്പോൾ മീഡിയവൺ അകപ്പെട്ട പ്രതിസന്ധി ഒരു സ്ഥാപനത്തിന്റെ മാത്രം പ്രതിസന്ധിയായല്ല കാണേണ്ടതെന്നും രാജ്യം നേരിടുന്ന വെല്ലുവിളികളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ പ്രവാസി കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് നിസാർ കോച്ചേരി ആമുഖ പ്രഭാഷണം നടത്തി. പ്രവാസികൾക്കിടയിൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും അത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം പരിപാടികളെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി കോഓഡിനേഷൻ ജനറൽ കൺവീനർ വി.സി. മഷ്ഹൂദ് നന്ദി പറഞ്ഞു. പരിപാടിക്ക് കെ. സി. അബ്ദുല്ലത്തീഫ്, മുഹമ്മദ് ഫൈസൽ, സാദിഖ് ചെന്നാടൻ, സമീൽ ചാലിയം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.