ഐ.സി.ബി.എഫിനെ ‘ഫോറ’മാക്കിയ പ്രധാനമന്ത്രി
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസി അനുബന്ധ സംഘടന ഐ.സി.ബി.എഫിന്റെ പേര് മാറ്റത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ഉപദേശത്തെ ഓർത്തെടുക്കുകയാണ് അന്നത്തെ പ്രസിഡന്റ് കൂടിയായ ഡോ. മോഹൻ തോമസ്. 2008 നവംബറിൽ പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി റമദ ഹോട്ടലിൽ നടന്ന കമ്യൂണിറ്റി സ്വീകരണമായിരുന്നു വേദി. പ്രധാനമന്ത്രിയുടെ ഉന്നതതല ഔദ്യോഗിക കൂടികാഴ്ചകൾക്കുശേഷം നടന്ന ഇന്ത്യൻ പ്രവാസി സ്വീകരണ പരിപാടികളിൽ മുതിർന്ന ഉദ്യോഗസ്ഥ സംഘവും ഖത്തറിലെ പ്രവാസി സംഘടന പ്രതിനിധികളുമെല്ലാമുണ്ട്. ഓരോരുത്തരെയായി പരിചയപ്പെട്ട് നടന്നു നീങ്ങുന്ന പ്രധാനമന്ത്രി ഐ.സി.ബി.എഫ് പ്രസിഡന്റ് ഡോ. മോഹൻ തോമസിനരികിലുമെത്തി. ഇരു കൈകളും കൂട്ടിപ്പിടിച്ച് അദ്ദേഹം ഐ.സി.ബി.എഫിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധയോടെ കേട്ടു. ‘ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫണ്ട്’ എന്നായിരുന്നു അന്ന് ഐ.സി.ബി.എഫിന്റെ പൂർണ രൂപം.
പ്രവാസികൾക്കായി നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളെല്ലാം മനസ്സിലാക്കിയപ്പോൾ ഐ.സി.ബി.എഫ് ഒരു ഇന്റർ നാഷനൽ ഫണ്ടിന്റെ ഭാഗമാണോ എന്ന് അദ്ദേഹം സൗമ്യമായി ചോദിച്ചു. ‘അല്ല, പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള കൂട്ടായ്മാണെന്ന്’ പറഞ്ഞപ്പോൾ ഫണ്ട് എന്നതിനു പകരം ‘ഫോറം’ എന്നായി പേര് തിരുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ആ ഉപദേശം ഞങ്ങൾ അതേപടി സ്വീകരിച്ചു. അടുത്ത ജനറൽ ബോഡി യോഗത്തിൽ തന്നെ ഐ.സി.ബി.എഫിന്റെ പേര് ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം ആക്കി മാറ്റി. രാഷ്ട്രനായകനായ പ്രധാനമന്ത്രി എന്നതിനൊപ്പം അദ്ദേഹത്തിലെ സാമ്പത്തിക വിദഗ്ധനെയും ആ നിമിഷം തിരിച്ചറിഞ്ഞു. പ്രവർത്തനമാരംഭിച്ച് 24 വർഷത്തിനുശേഷമായിരുന്നു ഡോ. മൻമോഹൻ സിങ്ങിന്റെ ഉപദേശം സ്വീകരിച്ച് ഈ പേരുമാറ്റം. ഹൃദ്യമായ സംസാരങ്ങൾക്ക് സാക്ഷിയായി അന്നത്തെ സ്ഥാനപതി ചുമതല വഹിച്ച ചാർജ് ഡി അഫയേഴ്സ് സഞ്ജീവ് കോഹ്ലിയും ഒപ്പമുണ്ടായതായി ഡോ. മോഹൻ തോമസ് ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.