നോമ്പു തുറക്കാൻ റോഡിൽ ധിറുതി വേണ്ടാ...
text_fieldsദോഹ: ഇഫ്താറിന് വേണ്ടി ഡ്രൈവർമാർ ലക്ഷ്യസ്ഥാനത്തെത്താൻ അമിതവേഗതയിൽ ഓടുന്നതിനാൽ റോഡുകളിൽ അപകടങ്ങൾ പതിവാകുന്നു. റമദാനിലെ വാഹനാപകടങ്ങളിൽ അധികവും ഇഫ്താറിന് മുമ്പാണ് സംഭവിക്കുന്നതെന്നും അമിത വേഗതയാണ് ഇതിന്റെ പ്രധാന കാരണമെന്നും ആഭ്യന്തര മന്ത്രാലയം ഈയിടെ അറിയിച്ചിരുന്നു. ഇഫ്താർ സമയമായെന്ന് അറിയിക്കുന്ന മഗ്രിബ് ബാങ്ക് വിളി സമയത്ത് അമിതവേഗതയിൽ വാഹനമോടിക്കുന്നവർ അതൊഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. ഏതാനും മിനിറ്റുകൾക്ക് വേണ്ടിയുള്ള തിരക്ക് അപകടങ്ങളോ റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രക്കാരുമായി കൂട്ടിയിടിക്കുന്നതോ ഉൾപ്പെടെയുള്ള ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
നിരത്തുകളിലെ അപകടങ്ങൾ, പ്രത്യേകിച്ചും ഇഫ്താർ സമയങ്ങളിലെ അപകടങ്ങൾ കുറക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വിഭാഗവും എപ്പോഴും പട്രോളിങ്ങും പരിശോധനകളുമായി രംഗത്തുണ്ട്.
ഇഫ്താർ സമയത്ത് ധാരാളം കാറുകളാണ് അമിതവേഗതയിൽ ഓടുന്നതെന്ന് ആറ് വർഷമായി ഇന്റർസെക്ഷനുകളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്ന അബ്ദുല്ല പറയുന്നു. ഇഫ്താർ സമയത്തെ വാഹനങ്ങളുടെ അമിതവേഗത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും ഡ്രൈവർമാർ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഫ്താർ സമയങ്ങളിലെ തിരക്ക് പിടിച്ച ഓട്ടം കുറക്കുന്നതിനും അപകടകരമായ ഈ പ്രവണത കുറക്കുന്നതിനും സമയം നന്നായി കൈകാര്യം ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറയുന്നുണ്ട്. വ്രതാനുഷ്ഠാനത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കാര്യങ്ങൾ നീക്കിവെക്കുന്നത് ഒഴിവാക്കണമെന്നും അവസാന നിമിഷങ്ങളിലുണ്ടാകുന്ന തിരക്ക് അപകടത്തിലേക്ക് നയിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.