ബംഗ്ലാ പ്രവാസി ക്ഷേമത്തിന് സഹകരണവുമായി എംബസിയും കാൻ ഇന്റർനാഷനലും
text_fieldsദോഹ: ഖത്തറിലെ ബംഗ്ലാദേശി പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിവിധ ആരോഗ്യപദ്ധതികൾ നടപ്പാക്കാൻ ബംഗ്ലാദേശ് എംബസിയും കാൻ ഇന്റർനാഷനൽ ഗ്രൂപ് ഓഫ് കമ്പനീസും ധാരണയിലെത്തി. അഞ്ചു ലക്ഷത്തോളം വരുന്ന ബംഗ്ലാദേശി പ്രവാസികൾക്ക് നേരിട്ട് ഗുണം ചെയ്യുന്ന വിവിധ കമ്യൂണിറ്റി സേവനങ്ങളാണ് ഈ സഹകരണത്തിലൂടെ നടപ്പിൽ വരുക. ദീർഘകാല കമ്യൂണിറ്റി ആനുകൂല്യങ്ങൾ നൽകാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ ബംഗ്ലാദേശ് ആസ്ഥാനമായുള്ള വെർസാറ്റിലോ ഗ്രൂപ് ഓഫ് കമ്പനീസും പങ്കാളിത്തം വഹിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘മെഡിക്ക’ എന്ന മൊബൈൽ ഹെൽത്ത് കെയർ ആപ്ലിക്കേഷനാണ് പദ്ധതിയിലെ ഒരു സംരംഭം. ഖത്തറിലെ ബംഗാളി ഭാഷ സംസാരിക്കുന്ന മെഡിക്കൽ പ്രഫഷനലുകളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും, പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന ആരോഗ്യ സേവനങ്ങളിലെ വിടവ് നികത്തുന്നതിനുമാണ് ഈ അത്യാധുനിക മൊബൈല്‍ ആപ് രൂപകൽപന ചെയ്തിരിക്കുന്നത്. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ബംഗ്ലാദേശിന്റെയും ഖത്തറിന്റെയും സഹകരണ ശ്രമങ്ങളുടെ സാക്ഷ്യപത്രമായി ‘മെഡിക്ക’ മാറും.
പ്രവാസികൾക്ക് സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങൾ ബംഗാളി ഭാഷയില്‍ ലഭ്യമാക്കുന്നതിന് ഓൺലൈൻ പ്ലാറ്റ്ഫോം സഹായകരമാകും. കാൻ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ ഹെൽത്ത് കെയർ ഡിവിഷനുകളായ മൈക്രോ ഹെൽത്ത് ലബോറട്ടറീസും, മൈക്രോ ചെക്ക് ഹോം ഹെൽത്ത് കെയർ സർവിസസും സംരംഭം സുഗമമാക്കാൻ നിർണായക പങ്കുവഹിക്കും.
‘ഹലോ സൂപ്പർസ്റ്റാർ’ എന്ന ബംഗ്ലാദേശ് ആസ്ഥാനമായ വിനോദ സാങ്കേതിക മൊബൈല്‍ ആപ്ലിക്കേഷന്റെ ഖത്തറിലെ ലോഞ്ചിങ്ങാണ് മറ്റൊരു സുപ്രധാന പദ്ധതി. സിനിമ, ആരോഗ്യ സംരക്ഷണം, ഫാഷന്‍, ആത്മീയം, കായികം തുടങ്ങി വിവിധ മേഖലകളിലെ സെലിബ്രിറ്റികളുമായി നേരിട്ട് സംവദിക്കാനും, പ്രവാസി സമൂഹത്തിലെ കഴിവുകളെ കണ്ടെത്താനുമാണ് ഈ പ്ലാറ്റ്ഫോം രൂപകൽപന ചെയ്തിരിക്കുന്നത്.
സഹകരണത്തിന്റെ ഭാഗമായി ബംഗ്ലാദേശി ഡോക്ടർമാരും, ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന ഒരു മെഡിക്കൽ സെന്ററും ഖത്തറിൽ സ്ഥാപിക്കപ്പെടും.
ഖത്തറിലെ ബംഗ്ലാദേശ് അംബാസഡർ മുഹമ്മദ് നസ്റുൽ ഇസ്ലാം, ഡിഫൻസ് അറ്റാഷെ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖൈറുദ്ദീൻ, കാൻ ഇന്റർനാഷനൽ ഗ്രൂപ് ഓഫ് കമ്പനീസ് സി.ഇ.ഒ ഡോ. നൗഷാദ് സി.കെ, വെർസറ്റിലോ ഗ്രൂപ് ഓഫ് കമ്പനീസിന്റെ ചെയർമാൻ ഡോ. കമറുൽ അഹ്സൻ എന്നിവര്‍ ഉള്‍പ്പെടെ ഖത്തറിലെയും ബംഗ്ലാദേശിലെയും വിശിഷ്ട അതിഥികൾ പരിപാടിയിൽ പങ്കെടുത്തു.
ഈ സഹകരണം ഖത്തറിലെ ബംഗ്ലാദേശി പ്രവാസികൾക്ക് പ്രതീക്ഷയുടെ വെളിച്ചവും, സാമൂഹിക-സാംസ്കാരിക-ആരോഗ്യ- വിനോദ മേഖലകളില്‍ മെച്ചപ്പെട്ട സേവനങ്ങളും വാഗ്ദാനം ചെയ്യപ്പെടുന്നതുമാണെന്ന് അംബാസഡർ പറഞ്ഞു. മൈക്രോ ഹെൽത്ത് ലബോറട്ടറീസിനെ പ്രതിനിധീകരിച്ച് കെ.സി. ഷെഫീഖും പരിപാടിയിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.