പ്രവാസി വെൽഫെയർ സർവിസ് കാർണിവല്‍ ഇന്ന്
text_fieldsദോഹ: പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സർവിസ് കാർണിവല്‍ വെള്ളിയാഴ്ച വക്റ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. ഉച്ചക്ക് 12.30 മുതല്‍ ആരംഭിക്കുന്ന പരിപാടി രാത്രി 10 വരെ നീളും.
സാമ്പത്തിക അച്ചടക്കത്തെയും നിക്ഷേപ സാധ്യതയെയും കുറിച്ച ശിൽപശാല, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെയും സ്കോളര്‍ഷിപ്പുകളെയും കുറിച്ച പ്രത്യേക സെഷന്, ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സഹായത്തോടെ നടത്തുന്ന ബോധവത്കരണ ക്ലാസ്, എന്നിവയും 50ഓളം പവലിയനുകൾ ഉള്‍പ്പെടുന്ന എക്സിബിഷനും ഉച്ചക്ക് ആരംഭിക്കും.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വൈകീട്ട് അഞ്ചിന് നിർവഹിക്കും. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍, കമ്യൂണിറ്റി പൊലീസിങ് ഡിപ്പാർട്ട്മെന്റിലെ എക്സ്റ്റേണല്‍ ബ്രാഞ്ച് ഓഫിസര്‍ ക്യാപ്റ്റന്‍ ഹമദ് ഹബീബ് അല്‍ ഹാജിരി, ഖത്തർ തൊഴില്‍ മന്ത്രാലയത്തിലെ ഒക്യുപേഷനല്‍ ഹെല്‍ത്ത് ആൻഡ് സേഫ്റ്റി ഡയറക്ടര്‍ യൂസഫ് അലി അബ്ദുല്‍ നൂര്‍, ലേബര്‍ റിലേഷന്‍ സ്പെഷലിസ്റ്റ് ഖാലിദ് അബ്ദുറഹ്മാന് ഫക്രൂ, ഇന്‍സ്പെക്ടര്‍ ഹമദ് ജാബിര്‍ അല്‍ ബുറൈദി, ബഷീര്‍ അബൂ മുഹമ്മദ്, അപെക്സ് ബോഡി ഭാരവാഹികളായ എ.പി. മണികണ്ഠന്, ഷാനവാസ് ബാവ, ഇ.പി. അബ്ദുറഹ്മാന്, താഹ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
രാത്രി ഏഴിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സാമ്പത്തിക വിദഗ്ധന്‍ നിഖില്‍ ഗോപാലകൃഷ്ണന്, വിദ്യാഭ്യാസ ചിന്തകനും ഗ്രന്ഥകാരനുമായ എന്‍.എം. ഹുസൈന് തുടങ്ങിയവര്‍ പങ്കെടുക്കും.
ഫുഡ് ഫെസ്റ്റിവല്‍, കലാപരിപാടികള്‍, കരകൗശല മേള തുടങ്ങിയവയും കാര്‍ണിവലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.