മുഖംമാറി; പുതുമയോടെ ഇ.എ.എ ഫൗണ്ടേഷൻ
text_fieldsദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും പ്രകൃതി ദുരന്തങ്ങളും അരക്ഷിതരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായുള്ള ആഗോള ഫൗണ്ടേഷനായ എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷന് (ഇ.എ.എ) പുതിയ ലോഗോ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ഫൗണ്ടേഷൻ സ്വാധീനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റി പ്രഖ്യാപിച്ചത്.
ഖത്തർ ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സനുമായ ശൈഖ മൗസ ബിൻത് നാസറിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഇ.എ.എ.
2012ൽ ആരംഭിച്ചത് മുതൽ ഉന്നത നിലവാരത്തിലെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ഒരു ബഹുമുഖ നേതൃത്വമെന്ന നിലയിൽ ഇ.എ.എ ഇതിനകം ലോകശ്രദ്ധ നേടിയിട്ടുണ്ട്.
ഒരു വ്യാഴവട്ടം പിന്നിടുന്ന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാനും പ്രതിഛായ വർധിപ്പിക്കാനും പങ്കാളികളും ഗുണഭോക്താക്കളുമായി ആശയവിനിമയം സാധ്യമാക്കാനും റീബ്രാൻഡിങ് പ്രയോജനപ്പെടും.
ഇ.എ.എ ഫൗണ്ടേഷന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയെന്നും, ഫൗണ്ടേഷന്റെ ദൗത്യത്തോടുള്ള പ്രതിബദ്ധതയെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും സി.ഇ.ഒ ഫഹദ് അൽ സുലൈത്തി പറഞ്ഞു.
പ്രാഥമിക, സെക്കൻഡറി, ഉന്നത വിദ്യാഭ്യാസം നൽകുക വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 ദശലക്ഷത്തിലധികം കുട്ടികളും യുവാക്കളും ഇ.എ.എയുടെ ഗുണഭോക്താക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.