ഇന്നു മുതൽ വേഗപ്പൂരം
text_fieldsദോഹ: ഖത്തറിലെയും മേഖലയിലെയും കാറോട്ടപ്രേമികളുടെ വേഗപ്പൂരത്തിന് വെള്ളിയാഴ്ച ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ടിൽ കൊടിയേറ്റും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ലോകത്തിലെ അതിവേഗക്കാരായ കാറോട്ടക്കാർ ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീയിൽ വളയം പിടിക്കും.
സീസൺ സമാപനത്തോടടുക്കുന്ന ഫോർമുല വൺ ചാമ്പ്യൻഷിപ്പിലെ അവസാന രണ്ടിൽ ഒരു ഗ്രാൻഡ്പ്രീക്കാണ് ഖത്തർ വേദിയൊരുക്കുന്നത്.
2021ൽ ഫോർമുല വൺ റേസിങ് കലണ്ടറിൽ ഇടംപിടിച്ച ഖത്തറിന്റെ മണ്ണിലെ മൂന്നാമത്തെ ഗ്രാൻഡ്പ്രീ മത്സരമാണ് ഇത്. 2023 മുതൽ 10 വർഷത്തേക്കാണ് നിലവിൽ ഖത്തറിനെ എഫ് വൺ കലണ്ടറിൽ സ്ഥിരംസാന്നിധ്യമായി ഉൾപ്പെടുത്തിയത്.
ഇത്തവണ വീണ്ടും റേസ് എത്തുമ്പോൾ കിരീട നിർണയത്തിന്റെ വീറും വാശിയും ലുസൈലിലെ ട്രാക്കിൽ കാണാനില്ല. അമേരിക്കയിലെ ലാസ് വെഗാസിൽ കഴിഞ്ഞയാഴ്ച നടന്ന ഗ്രാൻഡ്പ്രീയോടെ തന്നെ മാക്സ് റെഡ്ബുളിന്റെ മാക്സ് വെസ്റ്റപ്പൻ ഫോർമുല വൺ കിരീടം ചൂടിയിരുന്നു. രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെ 403 പോയന്റാണ് വെസ്റ്റപ്പനുള്ളത്. ഖത്തറിലും പിന്നാലെ നടക്കുന്ന അബൂദബിയിലും പോയന്റുകളൊന്നും നേടിയില്ലെങ്കിലും വെസ്റ്റപ്പന്റെ കിരീടത്തിന് വെല്ലുവിളികളൊന്നുമില്ലെന്നുറപ്പാണ്.
റേസിനൊപ്പം വിവിധ കായിക, വിനോദപരിപാടികൾ ആരാധകർക്കായി ഒരുക്കിയാണ് ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ അരങ്ങേറുന്നത്.
ആദ്യദിനമായ വെള്ളിയാഴ്ച ഫാമിലി ഫ്രൈഡേയിൽ കുടുംബസമേതം എഫ് വൺ അനുഭവിച്ചറിയാൻ ആരാധകർക്ക് അവസരമൊരുക്കുന്നു. മിന്നൽവേഗത്തിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ കാഴ്ചയൊരുക്കുന്ന അതിവേഗ കുതിപ്പിന്റെ ‘സ്പ്രിന്റ് റേസ്’ ശനിയാഴ്ച അരങ്ങേറും. പിറ്റ് സ്റ്റോപ്പില്ലാതെ, മിന്നൽ വേഗത്തിലാണ് 100 കി.മീ ദൂരമുള്ള സ്പ്രിന്റ് പൂർത്തിയാക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് പ്രാക്ടീസ് സെഷൻ ഒരുക്കിയത്. രാത്രി 8.30ന് സ്പ്രിന്റ് യോഗ്യത റേസും നടക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സ്പ്രിന്റ് റേസ്. രാത്രി ഒമ്പതിന് മെയിൻ റേസിനുള്ള യോഗ്യത പോരാട്ടവും അരങ്ങേറും. ഞായറാഴ്ച രാത്രി ഏഴിനാണ് ഖത്തർ ഗ്രാൻഡ് പ്രീ വിജയികളെ നിശ്ചയിക്കുന്ന മെയിൻ റേസ് ലുസൈൽ സർക്യൂട്ടിനെ ആവേശം കൊള്ളിക്കുന്നത്.
നേരത്തേ ടിക്കറ്റ് എടുത്തവർക്ക് സാധുവായ തിരിച്ചറിയൽ രേഖയുമായി വേദിയിൽ എത്താവുന്നതാണ്. വെള്ളിയഴ്ച രാവിലെ 11 മുതൽ ഗേറ്റുകൾ തുറക്കും. ദോഹ മെട്രോ, ലുസൈൽ ട്രാം പ്രവർത്തന സമയവും ദീർഘിപ്പിച്ചിട്ടുണ്ട്.
നിലവിലെ പോയന്റ് നില
മാക്സ് വെസ്റ്റപ്പൻ (റെഡ്ബുൾ) -403
ലാൻഡോ നോറിസ് (മക്ലെരൻ) -340
ചാൾസ് ലെെക്ലർസ് (ഫെരാറി) -319
ഓസ്കർ പിയാസ്ട്രി (മക്ലെരൻ) -268
കാർലോസ് സെയിൻസ് (ഫെരാറി) -259
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.